ചരിത്ര പ്രസിദ്ധ ദേവാലയങ്ങളുടെ പുനരുദ്ധാരണം മൊസൂളിൽ ആരംഭിച്ചു: ചുക്കാൻ പിടിക്കുന്നത് യുനെസ്കോയും യുഎഇ സർക്കാരും
അൽ താഹിറ, അൽസാ ക്രൈസ്തവ ദേവാലയങ്ങളുടെയും, അൽ ഹഡ്ബ ഗോപുരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുനെസ്കോയുടെ 'റിവൈവ് ദ സ്പിരിറ്റ് ഓഫ് മൊസൂൾ ഇനിഷ്യേറ്റീവ്' ന്റെ ഭാഗമായാണ് മാർച്ച് ഇരുപത്തിരണ്ടാം തീയതിയാണ് ആരംഭിച്ചതെന്ന് യുനെസ്കോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്ത ഇറാഖിലെ മൊസൂളിൽ സ്ഥിതിചെയ്യുന്ന രണ്ട് ചരിത്ര പ്രസിദ്ധ ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു. അൽ താഹിറ, അൽസാ ക്രൈസ്തവ ദേവാലയങ്ങളുടെയും, അൽ ഹഡ്ബ ഗോപുരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ച് ഇരുപത്തിരണ്ടാം തീയതിയാണ് ആരംഭിച്ചതെന്ന് യുനെസ്കോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. യുനെസ്കോയുടെ 'റിവൈവ് ദ സ്പിരിറ്റ് ഓഫ് മൊസൂൾ ഇനിഷ്യേറ്റീവ്' ന്റെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. യുഎഇ സർക്കാരും സാമ്പത്തിക സഹായങ്ങളുമായി രംഗത്തുണ്ട്. ഇറാഖി സാംസ്കാരിക മന്ത്രാലയവും, സുന്നി വഖഫും പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
മൂന്നുവർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ഒടുവിലാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് യുനെസ്കോ കടന്നിരിക്കുന്നത്. തീവ്രവാദികള്‍ നാശം വിതച്ച ദേവാലയങ്ങളിൽ നിന്ന് നേരത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി ഡൊമിനിക്കൻ വൈദികരാണ് അൽസാ ദേവാലയം പണികഴിപ്പിക്കുന്നത്. 2017 ഡിസംബർ മാസത്തില്‍ ഇറാഖിന്റെ നിയന്ത്രണം പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ദേവാലയം നശിപ്പിക്കുകയായിരിന്നു. ഐഎസ് പതനത്തിന് ശേഷം ദേവാലയ പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്ക്കരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെയാണ് യുനെസ്കോ രംഗത്ത് വരുന്നത്. ദേവാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിദഗ്ധരുടെയും, പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു.
1859ൽ പണികഴിപ്പിച്ച അൽ താഹിറ ദേവാലയം നൂറു വർഷങ്ങൾക്കു ശേഷം പുനരുദ്ധരിക്കപെട്ടിരുന്നു. ഒന്നിൽ കൂടുതൽ അൾത്താരകളുണ്ടെന്നതാണ് ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദേവാലയത്തിന്റെ മേൽക്കൂരയും, പുറത്തെ മതിലുകളും, 2017ലെ തീവ്രവാദി ആക്രമണത്തിൽ ഏകദേശം പൂർണമായും തന്നെ തകർന്നു. 2500 വർഷത്തോളം പഴക്കമുള്ള ഇറാഖി നഗരം പുനരുജ്ജീവിപ്പിക്കാൻ യുഎഇയെ കൂടാതെ, മുപ്പതോളം രാജ്യങ്ങൾ കൂടി യുനെസ്കോയ്ക്ക് സഹായങ്ങൾ നൽകുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്ലായിരിന്ന ഇറാഖിലെ മിക്ക സ്ഥലങ്ങളും ഇന്നു നാമാവിശേഷമാണ്. ഇതിനിടെ പുരാതന ദേവാലയങ്ങള്‍ പുനരുദ്ധാരണം നടത്തുമ്പോള്‍ ഇതിനെ പ്രത്യാശയോടെ ഉറ്റുനോക്കുകയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം.