നേപ്പാള്‍ വിമാനാപകടത്തിൽ മരിച്ച 3 പേര്‍ പത്തനംതിട്ടയിൽ സുവിശേഷകന്‍റെ സംസ്കാരച്ചടങ്ങിൽ‍ പങ്കെടുത്ത് മടങ്ങിയവര്‍

Jan 16, 2023 - 04:07
Jan 17, 2023 - 01:40
 0
നേപ്പാള്‍ വിമാനാപകടത്തിൽ മരിച്ച 3 പേര്‍ പത്തനംതിട്ടയിൽ സുവിശേഷകന്‍റെ സംസ്കാരച്ചടങ്ങിൽ‍ പങ്കെടുത്ത് മടങ്ങിയവര്‍

നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് മരിച്ചത്.

കഴിഞ്ഞ 45 വര്‍ഷത്തോളം  നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിൻ്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം  കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരൺ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

അപകടത്തിൽ മരിച്ച മിഷണറിമാർ സഹപ്രവർത്തകരോടൊപ്പം എടുത്ത അവസാന ചിത്രം

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.