മിഷനറിമാർക്ക് നേരെയുള്ള ആക്രമണം കണ്ടുനിന്നു: 8 പോലീസുകാർക്ക് സസ്പെൻഷൻ

Oct 28, 2025 - 14:33
Oct 28, 2025 - 14:43
 0
മിഷനറിമാർക്ക് നേരെയുള്ള ആക്രമണം കണ്ടുനിന്നു: 8 പോലീസുകാർക്ക് സസ്പെൻഷൻ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ക്രൈസ്തവ മിഷനറിമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഹിന്ദു ദേശീയവാദികൾ നടത്തിയ ആക്രമണം തടയാതിരുന്നതിന് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 23-ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

കേരളത്തിൽനിന്നുള്ള മിഷനറിമാർ ജുതാന ഗ്രാമത്തിലെ ഒരു വീട്ടിൽ ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോളാണ് ആക്രമണം ഉണ്ടായത്. വടികളും മൂർച്ചയുള്ള ആയുധങ്ങളുമായി എത്തിയ പത്തോളം വരുന്ന സംഘം ബസ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കത്വ ജില്ലയിലെ രാജ് ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഖോലെ പോലീസ് പോസ്റ്റിന് കീഴിലാണ് ജുതാന വില്ലേജ്. ആക്രമണ സമയത്ത് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നിൽക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.10 മുതൽ 15 വരെ യാത്രക്കാരുണ്ടായിരുന്ന ബസിലേക്ക് ഇരച്ചെത്തിയ അക്രമികൾ ഉള്ളിലുണ്ടായിരുന്നവരെയും മർദ്ദിച്ചു. വാഹനത്തിനുള്ളിൽനിന്ന് സ്ത്രീകളുടേത് ഉൾപ്പെടെയുള്ള നിലവിളികൾ ദൃശ്യങ്ങളിൽ കേൾക്കാം. ഒരാൾ മാത്രമാണ് വാതിൽ തുറന്ന് അകത്തേക്ക് കടന്ന അക്രമിയെ തടയാൻ ശ്രമിച്ചത്, എന്നാൽ അത് വിജയിച്ചില്ല.

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം കത്വ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് മോഹിത ശർമ്മ, ജാഖോലെ പോലീസ് പോസ്റ്റ് ഇൻ-ചാർജ് ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്തു. കൃത്യവിലോപത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കൂടാതെ അക്രമികളായ പത്തോളം പേർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0