മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി

Feb 5, 2026 - 12:30
 0
മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നത്. ഇതോടെ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കേണ്ട സാഹചര്യമാണ്. രാഷ്ട്രപതി ഭരണത്തിനുശേഷം മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയാകാനാണ് പാര്‍ട്ടി തീരുമാനം.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ചേര്‍ന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ബുധനാഴ്ച ഖേംചന്ദ് സിങ് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കണ്ടു. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആകും പുതിയ ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം എന്‍ഡിഎ നല്‍കിയിരിക്കുന്നത്.

ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത യുംനം ഖേംചന്ദ് ആദ്യം 2017-ലും പിന്നീട് 2022-ലും എംഎല്‍എയായി. 2017-ല്‍ നിയമസഭാ സ്പീക്കറായ അദ്ദേഹം 2022-ലെ ബിജെപിയുടെ ബിരേന്‍സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. വംശീയ കലാപങ്ങളെത്തുടര്‍ന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുര്‍ മുഖ്യമന്ത്രിയായിരുന്ന എന്‍. ബിരേന്‍സിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0