നിർബന്ധിത ഉപവാസത്തിലൂടെയും പീഡനത്തിലൂടെയും 190 കുട്ടികളുടെ മരണത്തിനിടയാക്കിയ കേസിൽ ക്രിസ്ത്യൻ നേതാവ് കുറ്റക്കാരനെന്ന് കെനിയൻ കോടതി.
കിഴക്കൻ കെനിയയിലെ ഷകാഹോള വനത്തിൽ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പോൾ മക്കെൻസി എന്ന മത നേതാവിനും മറ്റ് മുപ്പതോളം പ്രതികൾക്കുമെതിരെ മൊംബാസ ഹൈക്കോടതി കുറ്റം കണ്ടെത്തിയത്.
'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന മതസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്ന ആളാണ് പോൾ മക്കെൻസി.
സ്വർഗത്തിലെത്തി യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് കുടുംബാംഗങ്ങളുമൊത്ത് പട്ടിണി കിടന്ന് മരിക്കണമെന്ന് അനുയായികളോടും അവരുടെ കുട്ടികളോടും ഇയാൾ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ ഒരാളൊഴികെ എല്ലാവരും കുട്ടികളായിരുന്നു. കെനിയയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ക്രിമിനൽ കേസുകളിലൊന്നായാണ് പ്രോസിക്യൂഷൻ ഈ കേസിനെ വിശേഷിപ്പിച്ചത്.
അനുയായികൾക്കിടയിൽ മാരകമായ ഉപവാസം നടപ്പാക്കാൻ മതപരമായ ഉപദേശങ്ങളും കർശനമായ അധികാരശ്രേണിയും ഉൾപ്പെടുന്ന ആസൂത്രിത സംവിധാനം മക്കെൻസി ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായതെന്ന് കോടതി കണ്ടെത്തിയതായി കെനിയയിലെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളിൽനിന്നാണ് നിർബന്ധിത ഉപവാസം ആരംഭിച്ചതെന്ന് പ്രോസിക്യൂഷൻ ഓഫീസ് വ്യക്തമാക്കി. അനുയായികളുടെ നീക്കങ്ങൾ കാവൽക്കാർ നിയന്ത്രിക്കുകയും ആർക്കും രക്ഷപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെയും ഔപചാരിക വിദ്യാഭ്യാസത്തെയും മക്കെൻസി എതിർത്തിരുന്നതായും കോടതി നടപടികളിൽ വ്യക്തമായി.
50 വയസ്സിനുമേൽ പ്രായമുള്ള മക്കെൻസിയും കൂട്ടുപ്രതികളും ഷകാഹോള വനത്തിൽ ഒരു മരണാരാധനാ സംഘത്തെ (ഡെത്ത് കൾട്ട്) നടത്തിയിരുന്നതായാണ് ആരോപണം. ഇവിടെനിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.
2023 ഏപ്രിലിലാണ് ഷകാഹോള വനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ തിരച്ചിലും ഖനനവും ആരംഭിച്ചത്. ഇതുവരെ 429 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനുള്ള സാധ്യതയുമുണ്ട്.
തിങ്കളാഴ്ച ജസ്റ്റിസ് ഡയാന കവെഡ്സ പുറത്തുവിട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, ഇരകളിൽ ചിലർ പട്ടിണി മൂലമല്ല മരിച്ചത്. ശ്വാസംമുട്ടൽ, കഴുത്തിലേറ്റ സമ്മർദം, തലയ്ക്കേറ്റ പരിക്കുകൾ എന്നിവയും ചിലരുടെ മരണത്തിന് കാരണമായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആരെയും നിർബന്ധിച്ച് ഉപവസിപ്പിച്ചിട്ടില്ലെന്നും മരിച്ചവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഉപവസിച്ചതെന്നുമാണ് മക്കെൻസിയുടെ വാദമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ലോറൻസ് ഒബോന്യോ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് മണിക്കൂറിലേറെ നീണ്ട വിധിന്യായത്തിൽ, പുറംലോകം തിന്മ നിറഞ്ഞതാണെന്നും വനത്തിലേക്ക് മാറിത്താമസിച്ചാൽ മാത്രമേ മോക്ഷം ലഭിക്കൂ എന്നും അനുയായികളെ വിശ്വസിപ്പിക്കാൻ മക്കെൻസി പ്രസംഗങ്ങളും രേഖാമൂലമുള്ള സന്ദേശങ്ങളും ഉപയോഗിച്ചതായി ജഡ്ജി വിശദീകരിച്ചു.
അനുയായികൾ ഷകാഹോളയിലേക്ക് താമസം മാറുന്നതിന് മുമ്പ് അവരുമായി നടത്തിയ ആശയവിനിമയങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും മക്കെൻസിയുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെടുത്ത തെളിവുകളിൽ ഉൾപ്പെട്ടിരുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. വീടുകളും കുടുംബാംഗങ്ങളും ഉപജീവനമാർഗങ്ങളും ഉപേക്ഷിച്ച് വനത്തിലേക്ക് പോകാൻ മക്കെൻസി അനുയായികളെ പ്രേരിപ്പിച്ചതായും കോടതി നിരീക്ഷിച്ചു.
ഉപവസിക്കാനുള്ള നിർദേശം അംഗീകരിക്കാതിരുന്നവരെ നിർബന്ധിച്ച് അതിന് വിധേയരാക്കിയ രീതിയും ജഡ്ജി വിശദീകരിച്ചു. കുട്ടികളെ തടഞ്ഞുവയ്ക്കുകയും ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാനോ രക്ഷപ്പെടാനോ ശ്രമിച്ച കുട്ടികളെ ശിക്ഷിച്ചിരുന്നതായും ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.