ബൈബിൾ കൈയെഴുത്തുപ്രതിയുമായി ബഹറിൻ ശാരോൻ സഭ

Oct 19, 2026 - 21:28
 0
ബൈബിൾ കൈയെഴുത്തുപ്രതിയുമായി ബഹറിൻ ശാരോൻ സഭ
ബൈബിൾ കൈയെഴുത്തുപ്രതിയുമായി ബഹറിൻ ശാരോൻ സഭ

പുതിയ നിയമത്തിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കി ശ്രദ്ധേയമാവുകയാണ് ബഹറിൻ ശാരോൻ സഭ.

നാൽപ്പതാം വാർഷികം ആഘോഷിച്ച സഭയുടെ ഈ വേറിട്ട ഉദ്യമത്തിൽ, എൺപത്തിയേഴ് പേരാണ് പങ്കാളികളായത്.

മത്തായി മുതൽ വെളിപ്പാട് വരെയുള്ള പുതിയ നിയമത്തിലെ ഇരുപത്തിയേഴ് പുസ്തകങ്ങൾ, ഇരുനൂറ്റി അറുപത് അധ്യായങ്ങൾ, ഏഴായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട് വാക്യങ്ങൾ. ഇവ പ്രത്യേക ക്രമത്തിൽ വിഭജിച്ചുനൽകിയപ്പോൾ, ഓരോ അംഗവും തങ്ങളുടെ ഭാഗം കൈകൊണ്ട് പകർത്തിയെഴുതി.

രണ്ടായിരത്തി ഇരുപത്തിയാറ് മെയ് മാസം മുതൽ ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ, നൂറ്റിയിരുപത് ദിവസങ്ങളായിരുന്നു ഈ ദൗത്യം പൂർത്തിയാക്കാൻ അനുവദിച്ചിരുന്നത്.

ഓരോ പേജിലും ഇരുപത്തിനാല് വരികളുള്ള രീതിയിൽ പ്രത്യേകം അച്ചടിച്ച രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ പേപ്പറുകളാണ് ഇതിനായി തയ്യാറാക്കിയത്. ആയിരത്തി ഒരുനൂറ്റി അറുപത്തിമൂന്ന് പേജുകളിലായി കൈയെഴുത്തുപ്രതി പൂർത്തീകരിച്ചു.

പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ, പകൽ മുഴുവൻ ജോലിചെയ്തശേഷം ലഭിക്കുന്ന പരിമിതമായ സമയമാണ് പലരും ഇതിനായി മാറ്റിവെച്ചത്. പകർത്തിയെഴുത്തിനിടെ പലർക്കും പലതവണ തിരുത്തിയെഴുതേണ്ടതായും വന്നു.

സഭാംഗങ്ങളായ സഹോദരീസഹോദരന്മാർ തന്നെ ഗ്രന്ഥത്തിന്റെ രൂപകൽപ്പനയും തുന്നിക്കെട്ടലും പുറംചട്ട നിർമ്മാണവും ഏറ്റെടുത്തതോടെ, അതുല്യമായ ഒരു പുതിയ നിയമ കൈയെഴുത്തുപ്രതി യാഥാർഥ്യമായി.

ഏഴ് പോയിന്റ് ഒൻപത് കിലോഗ്രാം ഭാരമുള്ള ഈ ഗ്രന്ഥത്തിന് പതിനാറ് സെന്റിമീറ്ററാണ് ഉയരം.

സഭയുടെ വാർഷികദിനമായ ഒക്ടോബർ പതിനഞ്ചിന് നടന്ന സ്തോത്രശുശ്രൂഷയിലാണ് കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തത്. ഈ ഉദ്യമത്തിൽ പങ്കാളികളായ കുട്ടികളായ ഇവാന ബോവാസ്, പതിനൊന്ന് വയസ്സ്, ജെസീയേൽ ജോസ് തോമസ്, പന്ത്രണ്ട് വയസ്സ്, ഷോൺ സൈജു ഡാനിയേൽ, പതിമൂന്ന് വയസ്സ്, എന്നിവർ ചേർന്നാണ് ബൈബിൾ പ്രകാശനം നിർവഹിച്ചത്.

സഭയുടെ സ്ഥാപകാംഗവും മുൻ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. സി. ചാണ്ടി ചടങ്ങിൽ അതിഥിയായി പങ്കെടുത്തു.

വെളിപ്പാട് പുസ്തകം ഒന്നാം അധ്യായം മൂന്നാം വാക്യം ഇപ്രകാരം പറയുന്നു:

 “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.” 

ദൈവവചനത്തിന്റെ മഹത്വവും അത് ജീവിതത്തിൽ പകർത്തുന്നതിന്റെ പ്രാധാന്യവും ഓർമിപ്പിക്കുന്ന ഈ വചനം, കൈയെഴുത്തുപ്രതി തയ്യാറാക്കിയ വിശ്വാസികൾക്ക് കൂടുതൽ സന്തോഷവും ആത്മീയ സംതൃപ്തിയും നൽകുന്നു.

വിശ്വാസവും കൂട്ടായ്മയും സമർപ്പണവും കൈകോർത്തപ്പോൾ, ബഹറിൻ ശാരോൻ സഭയുടെ ഈ ഉദ്യമം ബൈബിൾ സ്നേഹത്തിന്റെ വേറിട്ടൊരു സാക്ഷ്യമായി മാറുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0