ഇസ്ലാം വിട്ട് ക്രൈസ്തവനായ പാക്ക് സ്വദേശിയെ തിരിച്ചയക്കുവാനുള്ള സ്വിസ്സ് നടപടിക്കെതിരെ യൂറോപ്യന്‍ കോടതി
ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ തിരിച്ചയക്കുവാനുള്ള നടപടിയുടെ പേരില്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന് യൂറോപ്യന്‍ കോടതി 7000 യൂറോ ($ 7425) പിഴവിധിച്ചു. അഭയത്തിനു വേണ്ടിയുള്ള അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 7 വര്‍ഷങ്ങളായി സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിച്ചു വരുന്ന ‘എം.എ.എം’ (മാധ്യമങ്ങള്‍ക്ക് യഥാര്‍ത്ഥ പേര് നല്‍കിയിട്ടില്ല) എന്ന പാക്ക് സ്വദേശിയെ പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ അദ്ദേഹത്തിന്റെ ജീവന് നേരിടേണ്ടി വരുന്ന അപകടങ്ങളെ സ്വിറ്റ്സര്‍ലന്‍ഡ് അവഗണിച്ചുവെന്നും, പിഴത്തുക വ്യക്തിയ്ക്ക് നല്‍കണമെന്നാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ കോടതിയിലെ 7 ജഡ്ജിമാരടങ്ങുന്ന ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത്. അപ്പീല്‍ സാധ്യതയുള്ളതിനാല്‍ കേസിന്റെ വിധി വരുന്നതുവരെ തിരിച്ചയക്കല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
മറ്റ് മതങ്ങളില്‍ നിന്നും വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ സാഹചര്യങ്ങളെക്കുറിച്ചും, അപേക്ഷകന്റെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നതില്‍ സ്വിസ്സ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‍ കോടതി നിരീക്ഷിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഒരു കുടുംബം തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് 2015-ലാണ് ഇരുപതുകാരനായ എം.എ.എം സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയത്തിനു അപേക്ഷിക്കുന്നത്. വിവിധ ദേവാലയങ്ങളില്‍ വിശ്വാസപരിശീലന ക്ലാസ്സുകളില്‍ പങ്കെടുത്ത ശേഷം തൊട്ടടുത്ത വര്‍ഷം എം.എ.എം യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു.
2018-ല്‍ അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരിന്നു. ഇതേത്തുടര്‍ന്നു നിരവധി അപ്പീലുകള്‍ക്ക് ശേഷമാണ് സ്ട്രാസ്ബര്‍ഗിലെ കോടതിയെ സമീപിക്കുന്നത്. അദ്ദേഹത്തെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും തിരിച്ചയച്ചാല്‍ അത് ജീവിക്കുവാനുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നു കോടതിവിധിയില്‍ പറയുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും അഭയത്തിനു അപേക്ഷിക്കാമെന്നും, ഈ വിധിയുടെ പശ്ചാത്തലത്തില്‍ അഭയം ലഭിക്കുമെന്നും അഭിഭാഷകനായ ഹോള്‍ജര്‍ ഹെംബാച്ച് പ്രത്യാശ പ്രകടിപ്പിച്ചു. മതപരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് മതപീഡനത്തിനു സമാനമായ സാമൂഹ്യ വിവേചനവും, അപമാനവും നേരിടേണ്ടി വരുന്നുണ്ടെന്ന് 2021-ലെ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖയെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.
ഇസ്ലാമിക ഭൂരിപക്ഷമായ പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ വെറും 1.6 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതും തടവിലാക്കപ്പെടുന്നതും പതിവാണ്. രാജ്യത്തു 2001-നും 2019-നും ഇടയില്‍ 16 പേര്‍ മതനിന്ദയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടുവെന്നും, മതവിശ്വാസത്തിന്റെ പേരില്‍ 31 ക്രൈസ്തവര്‍ ഉള്‍പ്പെടെ 53 പേരെ ജയിലിലടച്ചിട്ടുണ്ടെന്നും, ഏറ്റവും ചുരുങ്ങിയത് 11 പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞവര്‍ഷത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്.