ഹാഗിയ സോഫിയ; നീറുന്ന ഓർമ്മയിൽ ക്രൈസ്തവർ

Jul 25, 2023 - 00:10
 0

ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നേക്ക് മൂന്നു വർഷം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 2020 ജൂലൈ 10നാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ഇതേ തുടർന്ന് ജൂലൈ 24നു തുർക്കി പ്രസിഡന്റ് ഏർദോഗന്റെയും ഇസ്ലാമിക പണ്ഡിതരുടെയും സാന്നിധ്യത്തിൽ ആദ്യമായി നിസ്ക്കാരം നടത്തുകയായിരിന്നു.

ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്.



1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍. 2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0