സീൽ ആശ്രമം സംഘടിപ്പിച്ച ‘റെസ്‌ക്യുനൈറ്റ് ഇന്ത്യ സമ്മിറ്റ് 2022’ ശ്രദ്ധേയമായി
The 'Rescunite India Summit 2022' organized by Seal Ashram was remarkable
തെരുവുകളിൽ അനാഥമായി അലഞ്ഞു നടക്കുന്നവരെ രക്ഷപ്പെടുത്തി കരുതലോടെ ചേർത്ത് പിടിച്ച് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന പൻവേൽ സീൽ ആശ്രമത്തിന് ഇനി മുതൽ സേവനത്തിനായി ആധുനീക സംവിധാനത്തിന്റെ സഹായം തേടാവുന്നതാണ്.
നവംബർ 22, 23 തീയതികളിൽ മുംബൈയിലെ പൻവേൽ സീൽ ആശ്രമ കാമ്പസിലും മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ എംസിഎയിലും നടന്ന “റെസ്‌ക്യുനൈറ്റ് ഇന്ത്യ സമ്മിറ്റ് 2022” ശ്രദ്ധേയമായി.
ഇന്ത്യയിൽ ഡിഎൻഎ പ്രൊഫൈലിങ്ങിന്റെയും ജനിതക മാപ്പിംഗിന്റെയും പ്രവർത്തനക്ഷമതയും വിശ്വാസ്യതയും നടപ്പാക്കൽ തന്ത്രങ്ങളുമാണ് അന്താരാഷ്‌ട്ര വിദഗ്ദർ പങ്കെടുത്ത റെസ്‌ക്യുനൈറ്റ് ഇന്ത്യ സമ്മിറ്റ് 2022 സമ്മേളനത്തിൽ ചർച്ച ചെയ്തത്.
ഉറ്റവരിൽ നിന്ന് വേറിട്ട് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് അവരുടെ വീര്യവും ചൈതന്യവും ഇല്ലാതാക്കുന്നു. ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഇവരെയെല്ലാം തിരിച്ചറിയുന്നതിനുള്ള ബയോമെട്രിക്‌സ്, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ രീതികളാണ് ‘RESCUNITE’ മേഖലയിൽ അവലംബിക്കുന്നത്.
ആധുനിക കാലത്ത്, വികസിത രാജ്യങ്ങൾ, സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്രിമബുദ്ധി സംയോജിപ്പിച്ചിട്ടുണ്ട്. വർഷങ്ങളുടെ ആശയവിനിമയത്തിലൂടെ, പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സംരംഭകരും അടങ്ങുന്ന ഒരു സംഘമാണ് മുംബൈയിലെ സീൽ ആശ്രമത്തിന്റെ പ്രവർത്തന മാതൃകയിൽ താല്പര്യം കാണിച്ചത്. അത്തരത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് സീൽ റെസ്‌ക്യൂനൈറ്റ് ഇന്ത്യ സമ്മിറ്റ് – 2022 സംഘടിപ്പിച്ചത്.
സ്‌പെയിനിലെ ‘ഡിഎൻഎ പ്രോക്കിഡ്‌സ്’ സ്ഥാപകനായ ഡോ. ജോസ് ലോറന്റാണ് വിദഗ്ധരുടെ സംഘത്തെ നയിച്ചത്. കൂടാതെ ജോൺ എ. റാംസെ, അശ്വത് ഷെട്ടി, പൗളിന ഡോസൽ, സീൽ ആശ്രമത്തിന്റെ മുഖ്യ രക്ഷാധികാരി ഡോ. എബ്രഹാം മത്തായി (മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ) തുടങ്ങിയവർ പങ്കെടുത്തു.
‘ഇന്നത്തെ കാലഘട്ടത്തിൽ, അന്വേഷകർക്ക് ഡിഎൻഎയുടെയും ജനിതക പ്രൊഫൈലിംഗിന്റെയും വിപുലമായ ഡാറ്റ ഉണ്ടെങ്കിൽ, കാണാതായ ആളുകളെ തിരിച്ചറിയാനും അവരെ വീണ്ടും ഒന്നിപ്പിക്കാനും എളുപ്പമാകുമെന്ന് സമ്മേളനം വിലയിരുത്തി. ഡിഎൻഎ പൊരുത്തപ്പെടുത്തലിനായി സാമ്പിളുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഡിഎൻഎ കിറ്റുകൾ പ്രദർശിപ്പിച്ചു.
പങ്കെടുത്തവരിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ഡോക്ടർമാർ, പോലീസ് സർജന്മാർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വച്ചു . കാണാതായ കേസുകളിലും കുറ്റകൃത്യങ്ങളിലും ഡിഎൻഎ പ്രൊഫൈലിംഗ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും അവർ വിശദീകരിച്ചു.
രണ്ടു പതിറ്റാണ്ടു മുൻപ് കേരളത്തിലെ റാന്നിയിൽ നിന്നും മുംബെയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണരെ ഒരു മാസം ശുശ്രൂഷിച്ച് മടങ്ങിപ്പോകാൻ വന്ന കാരിക്കോട് പൂച്ചെടിയിൽ പാസ്റ്റർ കെ എം ഫിലിപ്പിന് ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. ‘മരണത്തിനു കൊണ്ടു പോകുന്നവരെ വിടുവിക്ക, കൊലക്കായി വിറച്ചു ചെയ്യുന്നവരെ രക്ഷിച്ചാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലൊ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ ഗ്രഹിക്കയില്ലയോ (സദ്യ 24: 11-12) ഈ ദൈവവചനം അനുസരിച്ച് മുംബൈ വിട്ടു പോകാതെ തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കാൻ വേണ്ടി പൻവേലിൽ ആരംഭിച്ചതാണ് സീൽ ആശ്രമം.
റെയിൽവെ ഫ്ളാറ്റ്ഫോമുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും ഒറ്റപ്പെട്ടവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനായി വെറും രണ്ട് പായയിൽ പനവേൽ കേന്ദ്രീകരിച്ച് തുടങ്ങിയ സാമൂഹിക സംഘടനയാണ് സോഷ്യൽ ആൻഡ് ഇവാൻജലിക്കൽ ഫോർ ലവ് (സീൽ).
തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും അലയുന്നവർക്കും മക്കൾ ഉപേക്ഷിച്ചവർക്കും എച്ച്ഐവി ,ടി ബി, മാനസിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളാൽ നോക്കാൻ ആരുമില്ലാത്തവർക്കും അത്താണിയാണ് ഇപ്പോൾ മുംബൈ പനവേലിലുള്ള സീൽ ആശ്രമം.
ഇത് വരെ വിവിധയിടങ്ങളിൽ നിന്നും മലയാളികൾ ഉൾപ്പടെ 500 ൽ അധികം പേരെ തെരുവിൽ നിന്നും ആശ്രമത്തിലെത്തിച്ച് , സ്രഷ്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞ് ആ ദൈവത്തെ ആരാധിച്ചും സേവിച്ചും സമാധാനത്തോടെ 442 പേരെ അവരുടെ കുടുംബങ്ങളെ ഏൽപ്പിക്കുന്നതിലും വിജയം കണ്ടു. ഇപ്പോൾ ആശ്രമത്തിൽ 276 അന്തേവാസികൾ താമസിക്കുന്നുണ്ടെന്ന് സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.