വ്യാജ മതനിന്ദ കേസ്; പാക്കിസ്ഥാനില്‍ ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ

Christian women sentenced to death in Pakistan in a false blasphemy case

Sep 27, 2024 - 10:22
 0
വ്യാജ മതനിന്ദ കേസ്; പാക്കിസ്ഥാനില്‍ ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ

പാക്കിസ്ഥാനില്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ പ്രചരിപ്പിച്ചെന്നാരോപിച്ച് ക്രൈസ്തവ വനിതയ്ക്കു വധശിക്ഷ. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതിയിലെ വിചാരണ ജഡ്ജി നാല് മക്കളുടെ അമ്മയെ വധശിക്ഷയ്ക്ക് വിധിച്ചു. 300,000 പാകിസ്ഥാൻ രൂപ (ഏകദേശം 1,000 യുഎസ് ഡോളർ) പിഴ അടക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 4 കുഞ്ഞുങ്ങളുടെ അമ്മയായ ഷഗുഫ്ത കിരണ്‍ മൂന്നു വർഷം മുമ്പാണ് വ്യാജ മതനിന്ദ കേസില്‍ അറസ്റ്റിലായത്.

വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 2021-ൽ ഷഗുഫ്തയെ ഭർത്താവിനും മകനുമൊപ്പമാണ് അറസ്റ്റ് ചെയ്തത്. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) കോടതി വിധിയില്‍ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഷഗുഫ്ത ഒരു ക്രിസ്ത്യാനിയായതിനാലാണ് കുറ്റാരോപിതയായതെന്ന് അഭിഭാഷകൻ റാണ അബ്ദുൾ ഹമീദ് പറഞ്ഞു. മുഹമ്മദ് നബിയെ നിന്ദിച്ചതിന് വധശിക്ഷ ലഭിക്കാവുന്ന ശിക്ഷാനിയമത്തിലെ 295-സി വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ തീരുന്നത് വരെ റാവൽപിണ്ടിയിലെ അദ്യാല സെൻട്രൽ ജയിലില്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ് രാജ്യത്തെ മതനിന്ദ നിയമം കണക്കാക്കുന്നത്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്.