ഇറാഖി ക്രൈസ്തവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍

Aug 8, 2024 - 21:41
 0
ഇറാഖി ക്രൈസ്തവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍

 ഇസ്ലാമിക് സ്റ്റേറ്റ് വടക്കൻ ഇറാഖിലെ നിനവേ മേഖലയിലെ ക്രൈസ്തവരെ ആക്രമിച്ച് അധിനിവേശം നടത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേഖല പഴയകാല ക്രൈസ്തവ പ്രതാപം വീണ്ടെടുക്കുന്നു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ 13,200 ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ ഇതിനോടകം മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തി. ദുരിതങ്ങള്‍ക്കിടയിലും ക്രൈസ്തവ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന്  അഭിമുഖത്തിൽ, അദിയാബെനെ സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോണ്‍. നിസാർ സെമാൻ പറഞ്ഞു.

പത്തു വർഷം മുന്‍പ് ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒലിവ് മരങ്ങൾ പോലെയാണ് ഇവിടുത്തെ ജനങ്ങൾ. നിങ്ങൾക്ക് അവയെ വെട്ടിക്കളയുകയും കത്തിക്കുകയും ചെയ്യാം, പക്ഷേ പത്ത് അല്ലെങ്കിൽ ഇരുപതു വർഷത്തിനുശേഷം അവ എപ്പോഴും ഫലം കായ്ക്കും. ഭീകരർ എല്ലാം പരീക്ഷിച്ചു. പക്ഷേ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇസ്ലാമിക ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു നിനവേ താഴ്വരയില്‍ നിന്ന് 100,000 മുതൽ 120,000 വരെ ക്രൈസ്തവര്‍ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. പ്രദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നവർക്കു മുന്നില്‍ മൂന്നു വഴികള്‍ മാത്രമേയുണ്ടായിരിന്നുള്ളൂ- ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക, അല്ലെങ്കിൽ ശരിയത്ത് നിയമപ്രകാരം നികുതി അടയ്ക്കുക, അല്ലാത്തപക്ഷം മരണം സ്വീകരിക്കുക.


എന്നാല്‍ ഒരു ക്രിസ്ത്യാനിയും ഇസ്ലാം മതം സ്വീകരിച്ചതായി തങ്ങളുടെ പക്കൽ രേഖകൾ ഇല്ലെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന ഇറാഖിലെ ക്രൈസ്തവർ, തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.