ഗാസാ മുനമ്പിൽനിന്ന് പ്രത്യാശയുടെ പ്രതീകമായി ബ്രദർ അബ്ദല്ലാ ജെൽദാ
പശ്ചിമേഷ്യയിലെ ഗാസാ മുനമ്പിൽനിന്ന് പ്രത്യാശയുടെ പ്രതീകമായി പുതിയ പൗരോഹിത്യ ദൈവവിളി. ഓർത്തഡോക്‌സ് കുടുംബത്തിൽ ജനിച്ച് 2019ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അബ്ദല്ലാ ജെൽദാ എന്ന 23 വയസുകാരനിലൂടെയാകും
പശ്ചിമേഷ്യയിലെ ഗാസാ മുനമ്പിൽനിന്ന് പ്രത്യാശയുടെ പ്രതീകമായി പുതിയ പൗരോഹിത്യ ദൈവവിളി. ഓർത്തഡോക്‌സ് കുടുംബത്തിൽ ജനിച്ച് 2019ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അബ്ദല്ലാ ജെൽദാ എന്ന 23 വയസുകാരനിലൂടെയാകും ഗാസയ്ക്ക് പുതിയ വൈദികനെ ലഭിക്കുക. ഒന്നര പതിറ്റാണ്ടിനിടയിൽ നാല് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇൻകാർനേറ്റ്’ (ഐ.വി.ഇ) സന്യാസസഭയിൽ ഒക്‌ടോബർ 10ന് പ്രഥമവ്രതം സ്വീകരിച്ച അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് നാളുകൾ ഏറെയുണ്ടെങ്കിലും, ആ അനുഗ്രഹ നിമിഷത്തിനായി പ്രാർത്ഥനാപൂർവം ഒരുങ്ങുകയാണ് ഗാസയിലെ കത്തോലിക്കാ സമൂഹം. ഗാസയിൽനിന്ന് ദശാബ്ദങ്ങൾക്ക് ശേഷം പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്ന പ്രഥമ തദ്ദേശീയൻ എന്ന ഖ്യാതിയോടെയാണ് ബ്രദർ അബ്ദല്ലാ സെമിനാരി പരിശീലനത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്.
ഗാസയിൽ ശുശ്രൂഷ ചെയ്യുന്ന അർജന്റീനിയൻ മിഷണറിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ശ്രുശ്രൂഷകൾ. ഐ.വി.ഇ സഭാംഗവും ഇടവക വികാരിയുമായ ഫാ. ഡോൺ മാരിയോ ഡി സിൽവയും അദ്ദേഹത്തിന്റെ ദൈവവിളിക്ക് പ്രചോദനമായി. ‘വൈദികനും മിഷണറിയുമാകാനുള്ള തീരുമാനം കൈക്കൊണ്ടതോടെ വർണനാതീതമായ ആന്തരിക സമാധാനം തനിക്ക് അനുഭവിക്കാനായി. ഗാസ മുതൽ ബേത്‌ലഹേം വരെയും നസ്രത്ത് മുതൽ ജറുസലേം വരെയുള്ള ആദിമ ക്രൈസ്തവരുടെ പിൻഗാമികളാണ് ഞങ്ങൾ. വിശ്വാസത്തിൽ ജീവിച്ചും വിശ്വാസത്തിന് സാക്ഷ്യം വഹിച്ചും ലോകം മുഴുവനിലും സുവിശേഷം പ്രഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.