വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട വേട്ടമല ഫലിപ്പോസ് ഉപദേശി പാടി ആരാധിച്ച ഗാനം

Oct 31, 2022 - 20:24
Nov 1, 2022 - 00:27
 0
വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

1943 ലെ വലിയ വെള്ളപ്പൊക്കം, ശമിക്കാതെ പെയ്ത മഴയിൽ നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. കുമ്പഴയാറിന്റെ അക്കരെ സുവിശേഷയോഗത്തിന് പോകേണ്ട ഫിലിപ്പോസ് ഉപദേശി കടത്തുവള്ളം കാത്ത് കരയിൽ നിൽക്കുന്നവരുടെ കൂടെ കൂടി. ചെറുപ്പക്കാരനായ കടത്തുകാരൻ വള്ളം അടുപ്പിച്ചു.

ശക്തമായ ഒഴുക്ക്, തഴെ ഭകരമായ ചുഴി. ആളുകൾ കയറി വള്ളം നിറഞ്ഞു. ചെറുപ്പക്കാരനായ വള്ളക്കാരനെ നോക്കി ഉപദേശി : "മോനെ, നീ മാത്രം മതിയോ തുഴയാൻ ?" എന്ന് ചോദിച്ചു. പെട്ടെന്ന് തോണിക്കാരന്റെ ഭാവം മാറി. പരിഹാസത്തോടെ - "താനിവിടെ ഇരുന്നാൽ മതി. പിന്നെ ഉപദേശിക്കാം." എന്ന് കടത്തുകാരൻ. വള്ളം കരവിട്ടു. ചില നാളുകൾക്ക് മുമ്പ് ഇവിടെ വള്ളം മുങ്ങിയതും ചിലർ വെള്ളത്തിൽ താണതും ചിലരൊക്കെ ഓർത്തു. നദിയുടെ നടുക്ക് എത്തിയതും വള്ളത്തിന്റെ നിയന്ത്രണം വിട്ട് താഴോട്ട് വള്ളം ഒഴുകി. ചുഴിയിലേക്ക് അടുക്കുന്തോറും കൂട്ടനിലവിളി ഉയർന്നു. പരിഹസിച്ച വള്ളക്കാരൻ പരിഭ്രമിച്ചിരിപ്പായി. രക്ഷപെടാം എന്ന ആശ ആർക്കും ഇല്ലാതായി.

എന്നാൽ അതിന്റെ നടുവിൽ ശാന്തനായി ഉപദേശിയിരുന്നു. പരിശുദ്ധാത്മാവ് ഒരു വേദശകലം ഹൃദയത്തിൽ നല്കി. "നീ വെള്ളത്തിൽ കൂടി കടക്കുമ്പോൾ ഞാൻ നിന്നോടു കൂടെയിരിക്കും." മരണഭീതിയോടെ ഇരിക്കുന്നവർ മരണഭയമില്ലാതെ ഇരിക്കുന്ന ഉപദേശിയുടെ മുഖം കണ്ടു. അദ്ദേഹം നദിയിലേക്ക് നോക്കി ഇങ്ങനെ പാടി. "ഈ വാരിധിയിൽ വൻതിരയിൽ തള്ളലേറ്റു ഞാൻ, മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ. ഗാനം പാടിയെൻ നാട്ടിലെത്തുമേ.." 

മരണത്തെ ഭയപ്പെടാതെ പാട്ടു പാടുന്ന അത്ഭുതമനുഷ്യനെ അവർ നോക്കി നിൽക്കുമ്പോൾ, വീണ്ടും പ്രത്യാശയോടെ താൻ പാടുകയാണ്. "ഇന്നലേക്കാൾ ഇന്നു ഞാനെൻ പ്രിയൻ നാടിനോടേറ്റം അടുത്തായതെനിക്കെത്രയാനന്ദം എന്റെ പ്രിയനെ ഒന്നു കാണുവാന്‍. " നദിക്കരയിൽ കൂടിയ ആളുകൾ വടക്കയർ എറിഞ്ഞുകൊടുത്ത് വള്ളം കരയ്ക്ക് അടുപ്പിച്ചു. ദൈവം തന്റെ ദാസനായ പൗലോസിനെയും കൂടെയുള്ളവരെയും കാത്തതുപോലെ ഫിലിപ്പോസ് ഉപദേശിയേയും. സഹയാത്രക്കാരെയും രക്ഷിച്ചു. വീണ്ടും ഈ ഗാനത്തിന്റെ ആദ്യ വരികൾ എഴുതിച്ചേർത്തു.

"വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും തൻ കുപയിലാശ്രയിക്കും എല്ലാനാളും ഞാൻ..