പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം

Jul 8, 2025 - 11:13
 0

പത്തനംതിട്ട കോന്നി പയ്യനാമണ്‍ ചെങ്കളത്തുണ്ടായ പാറമട അപകടത്തില്‍ കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അതേസമയം തൊഴിലാളികളെ കണ്ടെത്താനുള്ള ദൗത്യം സങ്കീർണമാണ്.

സ്ഥലത്ത് വീണ്ടും പാറക്കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് രക്ഷാപ്രവർത്തനത്തിന് ആശങ്കയുയര്‍ത്തുന്നുണ്ട്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരാണ് കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്.

കുടുങ്ങിയവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകള്‍ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0