യുക്രൈനില്‍ ആയിരത്തോളം പേരുടെ അഭയകേന്ദ്രമായിരുന്ന ക്രിസ്ത്യന്‍ ആശ്രമത്തിന് നേരെ റഷ്യന്‍ ആക്രമണം

യുദ്ധത്തിന്റെ ഭീകരമായ പ്രതിസന്ധികള്‍ക്ക് മധ്യേ യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം പേരുടെ അഭയകേന്ദ്രമായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ആശ്രമം റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു

Mar 19, 2022 - 00:50
 0

യുദ്ധത്തിന്റെ ഭീകരമായ പ്രതിസന്ധികള്‍ക്ക് മധ്യേ യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം പേരുടെ അഭയകേന്ദ്രമായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ആശ്രമം റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഡോണെട്സ്കിലെ സ്വ്യാട്ടോഗോര്‍സ്ക് ലാവ്രാ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ആശ്രമമാണ് കഴിഞ്ഞ ദിവസം രാത്രിയിലെ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള പാലത്തില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് ബോംബ്‌ പതിച്ചതെന്നു ആശ്രമാധികാരികള്‍ പറയുന്നു.

ആശ്രമം തകര്‍ന്നതോടെ അതില്‍ അഭയം പ്രാപിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ പോകുവാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണെന്നും, ഭാഗ്യവശാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും 'ഡെയിലി മെയില്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ആശ്രമത്തിന്റെ ജനലുകളും, വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്നു. ബോംബ്‌ പതിക്കുമ്പോള്‍ ആശ്രമത്തില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ ഉണ്ടായിരുന്നെന്ന്‍ ഡോണെട്സ്ക് ഒബ്ലാസ്റ്റിലെ മേയര്‍ പാവ്ലോ കിറിലെങ്കോ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, മുപ്പതോളം പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകള്‍ പറ്റിയിട്ടുള്ളതായും മേയറുടെ പോസ്റ്റില്‍ പറയുന്നു.

200 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം അഭയാര്‍ത്ഥികളാണ് നിലവില്‍ ആശ്രമത്തിലുള്ളത്. പ്രദേശവാസികളും അഭയാര്‍ത്ഥികളുമായി ഏതാണ്ട് പതിനായിരത്തോളം പേരാണ് സ്വ്യാട്ടോഗോര്‍സ്ക് നഗരത്തില്‍ ഇപ്പോള്‍ ഉള്ളത്. കടുത്ത തണുപ്പില്‍ ആശ്രമ സമുച്ചയത്തിന് ചൂടുപകരുവാനുള്ള ഊര്‍ജ്ജസ്രോതസ്സ് വൈദ്യുതി ആയതിനാല്‍ ആശ്രമത്തിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് നഗരാധികാരികള്‍.