ബിഷപ്പ് ഉൾഫിലാസ് -അപ്പോസ്തലൻ,മിഷനറി, ബൈബിൾ പരിഭാഷകൻ

Dec 15, 2021 - 22:09
 0
ബിഷപ്പ് ഉൾഫിലാസ് -അപ്പോസ്തലൻ,മിഷനറി, ബൈബിൾ പരിഭാഷകൻ

ഗോതിക് ഭാഷയിലേക്ക് ബൈബിൾ വിവർത്തനത്തിനു നേതൃത്വം നൽകിയ പരിഭാഷകനും ആര്യൻ ഗോഥിക് സഭയുടെ പിതാവുമാണ് ബിഷപ്പ് ഉൾഫിലാസ്.

എ ഡി 311 ൽ തുർക്കിയിൽ അപരിഷ്കൃതമായ പ്രാചീന ഗോത്തിക് വർഗ്ഗക്കാരുടെ ഇടയിൽ ജനിച്ചു വളർത്തപ്പെട്ടു. അമ്മ ഗോതിക് വർഗ്ഗക്കാരിയും പിതാവ് ഗോതിക് ഗോത്രവർഗ്ഗക്കാരാൽ തടവിലാക്കപ്പെട്ട കപ്പദോക്കിയൻ ക്രിസ്ത്യാനിയും ആയിരുന്നുവെന്ന് കരുതപ്പെടുന്നു.

20 വയസ്സ് നോടടുത്ത പ്രായത്തിൽ ഉൾഫിലാസ് നയതന്ത്ര സേവനത്തിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെട്ടു. അവിടെ അദ്ദേഹം നിരവധി വർഷങ്ങൾ സേവനം ചെയ്യുകയും നിക്കോമീഡിയയിലെ ബിഷപ്പ് യുസേബിയസുമായി അടുപ്പത്തിൽ ആയിത്തീരുകയും ചെയ്തു. ബിഷപ്പ് യുസേബിയോസ് അദ്ദേഹത്തെ ഗ്രീക്കിലും ലാറ്റിനിലും തിരുവെഴുത്തുകൾ പഠിപ്പിച്ചു.

മുപ്പതാം വയസ്സിൽ ക്രിസ്ത്യാനികളായ ഗോത് വംശജരുടെ ബിഷപ്പായി യൗസേബിയോസ് അദ്ദേഹത്തെ നിയമിച്ചു. ഏഴ് വർഷത്തോളം അദ്ദേഹം ഉത്തര ഡാന്യൂബിൽ അപ്പോസ്തോലിക ചുമതലകൾ നിർവഹിച്ചു.
ന്യായാധിപൻ ആയും ആധ്യാത്മിക നേതാവായും അദ്ദേഹം പ്രവർത്തിച്ചു. എ. ഡി 381ൽ തിയഡോഷ്യസ് ചക്രവർത്തി അദ്ദേഹത്തെ കോൺഫറൻസിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് വിളിച്ചു.

ഉൾഫിലാസ് പിന്തുടർന്ന ആര്യനിസം ഗോഥിക് വർഗ്ഗക്കാർക്കും റോമാക്കാർക്കും ഇടയിൽ ചിദ്രം ഉണ്ടാക്കി. നിഖ്യ ഓർത്തഡോക്സിയുടെ അനുരഞ്ജന ശ്രമങ്ങൾ ഫലം കണ്ടില്ല. ആര്യൻ ഗോഥിക് സഭയുടെ സ്ഥാപകരിൽ ഒരാൾ ആയി ഉൾഫിലാസ് അറിയപ്പെടുന്നു.

ഉൾഫിലാസ് ഗോതിക് ഭാഷയിലേക്ക്‌ ബൈബിൾ എത്രമാത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല. രാജാക്കന്മാരുടെ പുസ്തകങ്ങൾ ഒഴികെ ബാക്കിയെല്ലാം ഉൾഫിലാസ് പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന വാദം ചില ബൈബിൾ ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്നു . ആ കൂട്ടത്തിലുള്ള സുവിശേഷങ്ങൾ, പൗലോസിൻ്റെ ലേഖനം, നെഹമിയ, എസ്ര, ഉല്പത്തി, ഒരു സങ്കീർത്തനം എന്നിവ വിവിധ നിലകളിൽ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമപരിഭാഷക്കു സെപ്റ്റുവജന്റും, പുതിയ നിയമത്തിന് ഗ്രീക്ക് ഭാഷയുമാണ് അദ്ദേഹം ഉപയോഗിച്ചത്.

എ. ഡി 383 ൽ ഗോഥിക് രാജാവിനുവേണ്ടി ഒരു ദൗത്യവുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോകുന്ന വഴി 70 മത്തെ വയസ്സിൽ ഉൾഫിലാസ് മരണമടഞ്ഞു.