ഗാസ സിറ്റിയിൽ തെരുവുയുദ്ധം; 24 മണിക്കൂറിൽ പലായനം ചെയ്തത് അരലക്ഷം പേർ

പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്.

Nov 10, 2023 - 07:57
 0

പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്. അൽ ഷിഫയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.

വടക്കൻ ഗാസയിലെ മുഖ്യപാതയിൽ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തിൽ ഇരുപക്ഷത്തും കാര്യമായ ആൾനാശമുണ്ടെന്നാണു സൂചന. 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ജബാലിയ അഭയാർഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

35 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ, ഇതിലധികം സൈനികരെ വധിച്ചതായും ഡസൻകണക്കിനു ടാങ്കുകളും ബുൾഡോസറും സൈനികവാഹനങ്ങളും തകർത്തതായും ഹമാസ് അവകാശപ്പെട്ടു.

വടക്കൻ ഗാസയിൽനിന്ന് ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം അഞ്ചാം ദിവസവും ഇസ്രയേൽ ആവർത്തിച്ചു. ഇതിനായി ദിവസവും 4 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി യുഎസ് അറിയിച്ചു.

24 മണിക്കൂറിനിടെ അരലക്ഷത്തോളം പേർ കൂടി വടക്കൻഗാസയിൽനിന്നു പലായനം ചെയ്തുവെന്ന് യുഎൻ അറിയിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 % കുട്ടികളാണ്.

അധിനിവേശ വെസ്റ്റ്ബാങ്കിൽ ജെനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ റെയ്ഡിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ പ്രധാന നഗരമായ ഖാൻ യൂനിസിൽ ഇന്നലെയും പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടുതകർത്തു.

കിഴക്കൻ സിറിയയിൽ ഹിസ്ബുല്ലയുടെ താവളം യുഎസ് ബോംബിട്ടു തകർത്തു. തെക്കൻ സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ വ്യോമസേനാത്താവളവും റഡാർ സ്റ്റേഷനും തകർന്നു. ഗാസയിലേക്കുള്ള ജീവകാരുണ്യസഹായം ഏകോപിപ്പിക്കുന്നതിനായി 80 രാജ്യങ്ങളുടെ പ്രതിനിധികൾ പാരിസിൽ യോഗം ചേർന്നു.

അതിനിടെ, ദോഹയിൽ സിഐഎയുടെയും മൊസാദിന്റെയും തലവന്മാർ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിലുള്ള ചർച്ചയാണു നടന്നത്. ഹമാസുമായുള്ള ചർച്ചയ്ക്കു ഖത്തറാണു മുൻപ് മാധ്യസ്ഥ്യം വഹിച്ചിട്ടുള്ളത്.

കയ്റോയിലെത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ അടക്കമുള്ള ഉന്നതസംഘം ഈജിപ്ത് രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി അബ്ബാസ് കമലുമായും കൂടിക്കാഴ്ച നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0