മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

Aug 21, 2020 - 11:59
Nov 13, 2023 - 22:39
 0
മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം
സത്യവേദപുസ്തകം 1910 സ്കാന്‍ കോപ്പി, കോര്‍ണല്‍ യൂണിവേര്‍‌സിറ്റി, ഗൂഗിള്‍.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ കേരളത്തിലെ വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എ.ഡി. 1811–ല്‍ സെറാമ്പൂര്‍കോളേജ് വൈസ് പ്രിന്‍സിപ്പലും സി. എം. എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിന്‍റെ മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാല്‍ ഈ പരിഭാഷ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെട്ടു. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായ ഭാഷാ പണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. 1819 – ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിള്‍ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്. 1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.​​​​​

സത്യവേദപുസ്തകം 1910 സ്കാന്‍ കോപ്പി, കോര്‍ണല്‍ യൂണിവേര്‍‌സിറ്റി, ഗൂഗിള്‍. - കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

Register free  christianworldmatrimony.com

1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി ആറു വര്‍ഷങ്ങള്‍ക്കുശേഷം 1841 – ല്‍ തന്റെ തന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു. 1854– ല്‍ ഡോ. ഹെർമൻ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയനിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍മിഷന്റെ ചുമതലയില്‍ പഴയനിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1858– ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. ​​​​​തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു.

സത്യവേദപുസ്തകം 1910 സ്കാന്‍ കോപ്പി, കോര്‍ണല്‍ യൂണിവേര്‍‌സിറ്റി, ഗൂഗിള്‍. - കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

Register free  christianworldmatrimony.com

അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന, അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് തയ്യാറാക്കി, മംഗലാപുരത്ത് അച്ചടിച്ച്, ‘സത്യവേദപുസ്തകം’ എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

1981 –ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു. 1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി NIBV (New India Bible Version) എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ വിശുദ്ധ മലയാളം ബൈബിൾ എന്ന പേരില്‍ ഡോ. മാത്യൂസ്‌ വര്‍ഗിസ്‌ പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ഇന്‍റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്. 2004 ഓഗസ്റ്റ് 14നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍‌കോഡ് ചെയ്ത “സത്യവേദപുസ്തകം” തന്നെയാണ്. ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് പ്രമുഖ മലയാളം ബ്ലോഗ്ഗര്‍മാരായ ഷിജു അലക്സും, തമനുവും (പ്രമോദ് ജേക്കബ്) 2007 ജൂലൈ 15നു ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പ്രൊജക്ട് തുടങ്ങി. 2007 ഓഗസ്റ്റ് 10നു മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം, മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി. ശ്രീ. ജീസ്മോന്‍ ജേക്കബ്‌ ഈ മലയാളം ബൈബിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ iOs മൊബൈല്‍ അപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു.

സത്യവേദപുസ്തകം 1910 സ്കാന്‍ കോപ്പി, കോര്‍ണല്‍ യൂണിവേര്‍‌സിറ്റി, ഗൂഗിള്‍. - കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL