സിറിയയില്‍ മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരുടെ രഹസ്യ ആരാധനാലയം കണ്ടെത്തി

സിറിയയില്‍ മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരുടെ രഹസ്യ ആരാധനാലയം കണ്ടെത്തി അലപ്പോ: സിറിയയില്‍ മൂന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചിരുന്ന ആരാധനാ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തുര്‍ക്കി അതിര്‍ത്തിയില്‍ വടക്കു കിഴക്കന്‍ അലപ്പോയിലെ മാന്‍ബിജി എന്ന സ്ഥലത്താണ് ക്രൈസ്തവര്‍ ഒളിച്ചു താമസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സങ്കേതം കണ്ടെത്തിയത്. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുമ്പ് പിടിച്ചെടുത്ത അലപ്പോ നഗരം പിന്നീട് സിറിയന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു. ഇവിടെ ധാരാളം ക്രൈസ്തവരും താമസക്കാരായുണ്ടായിരുന്നു.

May 19, 2018 - 21:18
Nov 13, 2023 - 19:23
 0
സിറിയയില്‍ മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരുടെ രഹസ്യ ആരാധനാലയം കണ്ടെത്തി

അലപ്പോ: സിറിയയില്‍ മൂന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചിരുന്ന ആരാധനാ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

തുര്‍ക്കി അതിര്‍ത്തിയില്‍ വടക്കു കിഴക്കന്‍ അലപ്പോയിലെ മാന്‍ബിജി എന്ന സ്ഥലത്താണ് ക്രൈസ്തവര്‍ ഒളിച്ചു താമസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സങ്കേതം കണ്ടെത്തിയത്. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുമ്പ് പിടിച്ചെടുത്ത അലപ്പോ നഗരം പിന്നീട് സിറിയന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു.

ഇവിടെ ധാരാളം ക്രൈസ്തവരും താമസക്കാരായുണ്ടായിരുന്നു. അതീവ രഹസ്യമായ തുരങ്കങ്ങള്‍ ഉണ്ടാക്കി ഭൂമിക്കുള്ളിലേക്കു വെട്ടി നിരത്തിയ ഇടുക്കു വഴികളും താഴേക്കു പോകാനായി ചവിട്ടുപടികളുമൊക്കെ ഉള്ള രഹസ്യ കേന്ദ്രത്തിന്റെ കൂടുതല്‍ അകത്തേക്കു പ്രവേശിക്കുമ്പോള്‍ മൂന്നു നാലു മുറികളും ഒക്കെയുണ്ട്.

ഇതിന്റെ ഭിത്തികളില്‍ കുരിശിന്റെ ചിത്രവും ഹീബ്രു എഴുത്തുകളുമൊക്കെ കൊത്തിയുണ്ടാക്കിയതായി കാണാം. ഇത് ക്രൈസ്തവരുടെ രഹസ്യ ആരാധനാ കേന്ദ്രമായിരുന്നുവെന്നു അമേരിക്കയിലെ സൌത്ത് ഈസ്റ്റേണ്‍ സര്‍വ്വകലാശാല ചരിത്ര, പുരാവസ്തു ഗവേഷകനായ ജോണ്‍ വൈന്‍ ലാന്റ് അഭിപ്രായപ്പെടുന്നു.

എഡി 313-ല്‍ നിര്‍മ്മിച്ചതായിരിക്കാമെന്നും അന്നത്തെ റോമാ സാമ്രാജ്യത്തിന്റെ ക്രൈസ്തവ വിരുദ്ധ ഭീകരതയെ ഭയന്ന് ക്രൈസ്തവര്‍ രഹസ്യ സങ്കേതമുണ്ടാക്കിയതാണെന്നും വൈന്‍ ലാന്റ് പറഞ്ഞു. അന്ന് ക്രൈസ്തവ മാര്‍ഗ്ഗം നിയമവിരുദ്ധമായിരുന്നു. 2014-ല്‍ ഐ.എസ്. ഈ നഗരം പിടിച്ചെടുത്തിരുന്നു.

2016-ല്‍ യു.എസും സിറിയന്‍ സേനയും നടത്തിയ പോരാട്ടത്തെത്തുടര്‍ന്നു ഐ.എസിനു ഇവിടം വിട്ടു പോകേണ്ടി വന്നു. ഐ.എസ്. തീവ്രവാദികളുടെ കാലത്ത് ഈ പുരാതന രഹസ്യ സങ്കേതത്തിനുള്ളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടമായിത്തീര്‍ന്നു. ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം ഇപ്പോള്‍ സുരക്ഷാ ഗാര്‍ഡുകളുടെ നിരീക്ഷണ വലയത്തിലാണ്.