അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ സ്വദേശി ഉൾപ്പെടെ 18 പേരെ താലിബാൻ തടവിലാക്കി

18 people including an American citizen were imprisoned by the Taliban in Afghanistan for sharing the Gospel

Sep 19, 2023 - 17:34
 0
അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ സ്വദേശി ഉൾപ്പെടെ 18 പേരെ താലിബാൻ തടവിലാക്കി

ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ  ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ സ്വദേശി ഉൾപ്പടെ 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി. കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഖോറിൽ ജോലി ചെയ്തിരുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷനിലെ 18 പേരെയാണ് താലിബാന്‍ തീവ്രവാദികള്‍ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ മൂന്നാം തീയതിയും, 13നുമാണ് ഓഫീസിൽ തിരച്ചിൽ നടന്നത്. സർക്കാർ കസ്റ്റഡിയിലെടുത്തവരിൽ ഒരു അമേരിക്കൻ സ്വദേശിയും ഉൾപ്പെടുന്നു. ഇവരെ കാബൂളിലെ അജ്ഞാത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

കസ്റ്റഡിയിലെടുത്തതു ഏത് കാരണത്തിലാണെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ലെന്ന് രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ജോലിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയും, അവരുടെ മോചനത്തിനു വേണ്ടിയും പരമാവധി ശ്രമിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇത് സംബന്ധിച്ച് മിനിസ്ട്രി ഓഫ് എക്കണോമിക്ക് അവർ കത്തെഴുതിയിട്ടുണ്ട്.

ഈ മന്ത്രാലയത്തിലാണ് സംഘടന സർക്കാർ ഇതര പ്രസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 60 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി താലിബാൻ ഭരണം ഏറ്റെടുത്തതു  മുതൽ സംഘടന താലിബാനികളുടെ നിരീക്ഷണത്തിലായിരുന്നു. തീവ്ര ഇസ്ലാമിക ഭരണമാണ് രാജ്യത്തെ താലിബാനി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്.