അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര - യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു രാവിലെ കോട്ടയത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ ആധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്ര പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.
മദ്യവും മയക്കുമരുന്നും കേരളത്തെ പോലെയുള്ള സാംസ്കാരിക പ്രബുദ്ധതയുള്ള സമൂഹത്തിന് ദോഷമാണെന്നും അത് ഭാവി തലമുറയെ തിന്മയുടെ വഴിയിലേക്ക് തള്ളിവിടുന്നതാണെന്നും അതിൽ നിന്നും ഒഴിഞ്ഞിരുന്നെങ്കിൽ മാത്രമേ നവസമൂഹം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.
പ്രസ്ബിറ്ററന്മാരായ ഷൈജു തങ്കച്ചൻ,അജി കെ. ജോൺ, വി.വൈ ജോസുകുട്ടി, ബിജി ഫിലിപ്പ്,ഷാജി ജോർജ്, മനോജ് ജോർജ്,ഷോജി കോശി,കെന്നഡി പോൾ, ബെഞ്ചമിൻ ബാബു, ബിജു എൻ. തോമസ്, വി.ജെ എബ്രഹാം,പി.ഡി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പദയാത്രയിൽ പങ്കെടുക്കുന്നു.
രാവിലത്തെ യാത്രയ്ക്കിടയിൽ കോട്ടയം കെഎസ്ആർടിസി ജംഗ്ഷൻ,കോടിമത,നാട്ടകം,പള്ളം,ചിങ്ങവനം തുടങ്ങിയ ഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്നു പൂവൻതുരുത്ത് ഏ.ജി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ദൈവവചനം സംസാരിക്കും.
ഉച്ച കഴിഞ്ഞുള്ള പദയാത്ര ചിങ്ങവനത്തു നിന്നും ആരംഭിച്ചു ചങ്ങനാശ്ശേരിയിൽ അവസാനിക്കും. വൈകിട്ട് ചങ്ങനാശ്ശേരി യിൽ നടക്കുന്ന മുറ്റത്ത് കൺവെൻഷനിൽ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അജി കെ. ജോൺ പ്രസംഗിക്കും.
ചങ്ങനാശ്ശേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷനായിരിക്കും.
പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ചാരുംമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂക്കോമയ് ഗായകസംഘം ഈ പദയാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.