ഐ.പി.സി ഭൂട്ടാൻ റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം
ഐ.പി.സി ഭൂട്ടാൻ റീജിയൻ 14-ആമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 10 മുതൽ 13 വരെ വെസ്റ്റ് ബംഗാളിലെ ആലിപ്പൂർദ്വാർ ജില്ലയിൽ മധു റ്റീ ഗാർഡൻ സഭാഹാളിനു സമീപമുള്ള കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. റീജിയൻ സെക്രട്ടറി പാസ്റ്റർ ബോബി മാത്യൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രഥമ രാത്രിയോഗത്തിൽ പ്രസിഡണ്ട് പാസ്റ്റർ അലക്സ് വെട്ടിക്കൽ, കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു. രാത്രിയോഗങ്ങളിൽ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), പാസ്റ്റർ അരുൾ തോമസ് (ന്യൂ ഡൽഹി), പാസ്റ്റർ മോൻസി പി മാത്യു (കോട്ടയം), ജോയ് താനുവേലിൽ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന ആരാധനായോഗത്തിൽ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിന്നി മാത്യൂസ് അദ്ധ്യക്ഷത വഹിക്കുകയും, ഡോ. പി എം മാത്യൂസ് കർത്തൃമേശക്ക് നേതൃത്വം വഹിക്കുകയും ചെയ്യും. പാസ്റ്റർ സന്തോഷ് ലോഹാർ, ഡോ. ബിനു ദേവസ്സ്യ എന്നിവർ വിവിധ യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കും.
കൺവെൻഷനോടനുബന്ധിച്ച് യുവജനസമ്മേളനം, സഹോദരിസമ്മേളനം, സ്നാനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സോദരീസമ്മേളനത്തിൽ സിസ്റ്റർ രേഷ്മ തോമസ് (ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ലിബിന്റെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
ജിജോ ജേക്കബ് (റീജിയൻ ട്രഷറർ) അലക്സ് എൻ ജേക്കബ് (ജനറൽ കൌൺസിൽ അംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.