സഹോദരങ്ങള്‍ തടവില്‍ കഴിയുമ്പോഴും ഹെയ്തിയിലെ ദൈവരാജ്യ ദൗത്യം സധൈര്യം തുടര്‍ന്ന് മിഷ്ണറിമാര്‍

Dec 1, 2021 - 23:09
 0

അമേരിക്കയിലെ ഒഹിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ് (സി.എ.എം) ന്റെ 17 മിഷ്ണറിമാരെ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍വെച്ച് കുപ്രസിദ്ധ കുറ്റവാളി സംഘമായ ‘400 മാവോസോ’ തട്ടിക്കൊണ്ടുപോയിട്ടും ഹെയ്തിയിലെ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സംഘടന. വിവിധ രാജ്യങ്ങളിലെ നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായും സുവിശേഷവത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16-നാണ് ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 15 മിഷ്ണറിമാരെ 400 മാവോസോ തട്ടിക്കൊണ്ടു പോയത്.

അസുഖ ബാധിതരായ രണ്ടുപേരെ മോചന ദ്രവ്യമൊന്നും കൂടാതെ വിട്ടയച്ചതായി സി.എ.എം ഈ അടുത്ത ദിവസം അറിയിച്ചിരുന്നു. തടവില്‍ കഴിയുന്ന തങ്ങളുടെ മിഷ്ണറിമാരെ കുറിച്ച് ആശങ്കയുണ്ടെങ്കിലും ബാക്കിയുള്ള മിഷ്ണറിമാര്‍ തങ്ങളുടെ ദൗത്യം നന്നായിട്ട് തന്നെ തുടരുന്നുണ്ടെന്നു ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസിന്റെ വക്താവായ വെസ്റ്റേണ്‍ ഷോള്‍ട്ടര്‍ ‘ഡെയിലി റെക്കോര്‍ഡ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍, ദാരിദ്യത്തില്‍ കഴിയുന്നവര്‍, വിധവകള്‍, അനാഥര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ സഹായം ഇനിയും ആവശ്യമുണ്ടെന്നും ഷോള്‍ട്ടര്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രഭാതത്തില്‍ തങ്ങളുടെ മിഷ്ണറിമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈ പ്രതിസന്ധി ദൈവത്തിന് സമര്‍പ്പിക്കുവാനാണ് തങ്ങളുടെ തീരുമാനം. ദൈവനാമത്തിന്റെ മഹത്വമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷോള്‍ട്ടര്‍ പറഞ്ഞു. ബന്ധിയാക്കപ്പെട്ട ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം മോചനദ്രവ്യമായി നല്‍കിയെങ്കില്‍ ബന്ധികളെ കൊല്ലുമെന്നു ‘400 മാവോസോ' ഭീഷണി മുഴക്കിയിരിന്നു. 6 പുരുഷന്‍മാരേയും 6 സ്ത്രീകളേയും 5 കുട്ടികളേയുമാണ്‌ കുറ്റവാളി സംഘടന തട്ടിക്കൊണ്ടു പോയത്. ഇവരില്‍ 16 പേര്‍ അമേരിക്കന്‍ പൗരന്‍മാരും ഒരാള്‍ കാനഡ പൗരനുമാണ്. 8 മാസം പ്രായമുള്ള കുട്ടി മുതല്‍ 48 വയസ്സായവര്‍ വരെ തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0