ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വറെ വധിച്ചു
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിന്‍വറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്.
സിന്‍വറിന്റെ മരണത്തോടെ ഹമാസിന്റെ മുതിര്‍ന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിര്‍ന്ന നേതാക്കളായ ഇസ്മയില്‍ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേല്‍ നേരത്തേ വധിച്ചിരുന്നു. ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നു പറയുന്നു. സിന്‍വര്‍ വധിക്കപ്പെട്ട സൈനിക നടപടിയില്‍ ബന്ദികള്‍ക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ഗാസയിലെ ഖാന്‍ യൂനിസ് സ്വദേശിയായ സിന്‍വര്‍ 22 വര്‍ഷം ഇസ്രേലി ജയിലിലായിരുന്നു. 2011ല്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഗിലാദ് ഷാലിദ് എന്ന ഇസ്രേലി സൈനികനെ വിട്ടയയ്ക്കാന്‍ മോചിപ്പിക്കപ്പെട്ട 1,026 പലസ്തീന്‍ തടവുകാരില്‍ ഒരാള്‍ സിന്‍വറായിരുന്നു. ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.