അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

Jun 16, 2025 - 11:52
 0

അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏതെങ്കിലും തരത്തില്‍ യുഎസിനുനേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തില്‍ യുഎസിന് യാതൊരു പങ്കുമില്ല. എന്നാല്‍ ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത തരത്തില്‍ യുഎസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈല്‍ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെല്‍ അവീവ് അടക്കമുള്ള ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാനും മിസൈലാക്രമണം നടത്തി.

ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ എട്ട് മരണം സ്ഥിരീകരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളില്‍ തെഹ്‌റാന്‍ അടക്കം നഗരങ്ങളില്‍ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘര്‍ഷം പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം.

ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0