കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിനെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവരും, യഹൂദരും കൂട്ടക്കൊല ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ ജിസ്യ കരം ഒടുക്കുകയോ ചെയ്യണമെന്ന് മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി.

Nov 24, 2022 - 18:33
 0
കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിനെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവരും, യഹൂദരും കൂട്ടക്കൊല ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ ജിസ്യ കരം ഒടുക്കുകയോ ചെയ്യണമെന്ന് മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. മൊസാംബിക്ക് സൈന്യവുമായി തങ്ങള്‍ അവസാനമില്ലാത്ത യുദ്ധത്തിലാണെന്നും ഭീഷണിയില്‍ പറയുന്നുണ്ട്. മൊസാംബിക്കിലെ മുസ്ലീങ്ങളും, ക്രൈസ്തവരും, യഹൂദരും അടങ്ങുന്ന ‘മൊസാംബിക്കന്‍ ക്രൂസേഡര്‍ ആര്‍മി’യെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട എഴുതിയ കത്തിന്റെ ഭാഗമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ‘സിതാമര്‍ ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. “ഇസ്ലാമിന് സ്വയം സമര്‍പ്പിക്കുക, നികുതി അടക്കുക അല്ലെങ്കില്‍ അവസാനമില്ലാത്ത യുദ്ധത്തെ നേരിടുക” എന്നാണ് ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കുമുള്ള മുന്നറിയിപ്പില്‍ പറയുന്നത്.



“ഇസ്ലാമിന് കീഴടങ്ങുന്നത് വരെ നിങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഞങ്ങള്‍ കടുപ്പിക്കും. നിങ്ങളെ കൊല്ലുവാനോ അല്ലെങ്കില്‍ കൊല്ലപ്പെടുവാനോ ആണ് ഞങ്ങളുടെ ആഗ്രഹം, ഞങ്ങള്‍ ദൈവത്തിന്റെ മുന്നില്‍ രക്തസാക്ഷികളാണ്. അതിനാല്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ ഓടിപ്പോവുകയോ ചെയ്യുക” എന്നാണ് മൊസാംബിക് സൈന്യത്തിനുള്ള മുന്നറിയിപ്പില്‍ പറയുന്നത്. മുസ്ലീങ്ങളെന്നു അവകാശപ്പെടുന്നവര്‍ ദൈവമില്ലാത്ത സര്‍ക്കാരുമായി സഹകരിക്കരുതെന്ന മുന്നറിയിപ്പ് ഇസ്ലാം മത വിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഷ അനുകരിക്കുകയാണെന്നു ‘ബ്രിഡ്‌ജ് വേ’ ഫൗണ്ടേഷന്റെ മുതിര്‍ന്ന അനലിസ്റ്റായ റയാന്‍ ഒ’ഫാരെല്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിനുള്ളതുപോലുള്ള ഭരണ ശേഷിയോ, സാന്നിധ്യമോ മൊസാംബിക്കിലെ സംഘടനക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



2017-ല്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ തുടങ്ങിയ ശേഷം ആയിരകണക്കിന് പേര്‍ കൊല്ലപ്പെടുകയും, പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ മൊസാംബിക്കിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയില്‍ തീവ്രവാദികള്‍ ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗീക അടിമകളാക്കുകയും കുട്ടികളേ തീവ്രവാദികളാക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മാസം വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 മുതലാണ്‌ ജിഹാദികള്‍ കാബോ ഡെല്‍ഗാഡോയില്‍ പിടിമുറുക്കുന്നത്. പതിയെപ്പതിയെ ഇസ്ലാമിക് സ്റ്റേറ്റ് ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുവാനും, ക്രൈസ്തവരെ കൊലപ്പെടുത്തുവാനും ആരംഭിക്കുകയായിരിന്നു.