ലോകത്തിലെ ഏറ്റവും വിലയേറിയ കയ്യെഴുത്തുപ്രതിയെന്ന ഖ്യാതി ഇനി 1,100 വർഷം പഴക്കമുള്ള ഹീബ്രൂ ബൈബിളിന്
1100-year-old Hebrew Bible is now the most expensive manuscript in the world
ലോകത്തിലെ ഏറ്റവും വിലയേറിയ കയ്യെഴുത്തുപ്രതിയെന്ന ഖ്യാതി ‘കോഡെക്സ് സാസൂൺ’ എന്ന യഹൂദ ഹീബ്രൂ ബൈബിളിന്. 1,100 വർഷം മുന്പ് മൃഗത്തോലിൽ എഴുതപ്പെട്ട ഇത് ന്യൂയോർക്കിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 3.81 കോടി ഡോളറിനാണ്. യഹൂദ ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഉൾപ്പെടുന്ന ഒറ്റ കൈയെഴുത്തുപ്രതിയാണ് കോഡെക്സ് സാസൂൺ. മുൻ ഉടമസ്ഥനായ ഡേവിഡ് സോളമൻ സാസൂണിൽനിന്നാണു ഈ പേരു ലഭിച്ചത്. 12 പേജുകൾ മാത്രമാണ് ഇതിൽനിന്നു നഷ്ടപ്പെട്ടിട്ടുള്ളത്. കാർബൺ ഡേറ്റിംഗ് പരിശോധനയിൽ, ബൈബിൾ രചിക്കപ്പെട്ടത് എഡി 900-ത്തിലാണെന്നു സ്ഥിരീകരിച്ചിരുന്നു.
റൊമാനിയായിലെ മുൻ അമേരിക്കൻ അംബാസഡറായ ആൽഫ്രഡ് മോസസ് ഇതു വാങ്ങി ടെൽ അവീവിലെ ‘അനു മ്യൂസിയം ഓഫ് ജ്യൂവിഷ് പീപ്പിളി’നു സംഭാവന ചെയ്തു. ലിയനാർഡോ ഡാ വിഞ്ചിയുടെ നോട്ട്ബുക്കായ ‘കോഡെക്സ് ലൈസെസ്റ്ററി’നുവേണ്ടി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് 1994ൽ മുടക്കിയ 3.1 കോടി ഡോളറിന്റെ റിക്കാർഡാണു മറികടന്നത്.
അതേസമയം, അമേരിക്കൻ ഭരണഘടനയുടെ ആദ്യകാല അച്ചടിപ്പതിപ്പ് രണ്ടു വർഷം മുന്പ് 4.32 കോടി ഡോളറിനു ലേലത്തിൽ പോയിരുന്നു. ഒരു ചരിത്രരേഖയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.