ബുർക്കിനഫാസോയിൽ യു‌എസ് വംശജയായ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി

Apr 8, 2022 - 17:38
 0

ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിൽ നിന്ന് അമേരിക്കൻ വംശജയായ കത്തോലിക്ക സന്യാസിനിയെ തട്ടിക്കൊണ്ടുപോയി. മരിയാനൈറ്റ്സ് ഓഫ് ഹോളിക്രോസ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ സുവല്ലൻ ടെന്നിസണാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായിരിക്കുന്നത്. പില്‍ക്കാലത്ത് സന്യാസിനി സമൂഹത്തിന്റെ തലപ്പത്ത് സേവനം ചെയ്തിരുന്ന സിസ്റ്റര്‍ സുവല്ലൻ തീക്ഷ്ണമതിയായ മിഷ്ണറി ആയിരുന്നു. 2011ൽ രാജ്യത്തേക്ക് നടത്തിയ ഒരു സന്ദർശനത്തിനു പിന്നാലെയാണ് അവിടെ ഒരു സന്യാസ ഭവനം ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. ഇതുപ്രകാരം 2014 മുതൽ സിസ്റ്റർ സുവല്ലൻ ടെന്നിസൺ ബുർക്കിന ഫാസോയിൽ സേവനം ചെയ്തു വരികയാണ്. സിസ്റ്ററിനൊപ്പം രണ്ടുപേർ കൂടി അവിടെ താമസിക്കുന്നുണ്ടായിരുന്നു.

ഏപ്രിൽ അഞ്ചാം തീയതിയാണ് സിസ്റ്റർ സുവല്ലനെ ആയുധധാരികൾ തട്ടിക്കൊണ്ടു പോകുന്നത്. 83 വയസ്സുള്ള സിസ്റ്ററിനെ മാത്രമേ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിട്ടുള്ളൂവെന്ന് ഇപ്പോൾ കോൺഗ്രിഗേഷന്റെ നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ ആൻ ലാക്കൂർ പറഞ്ഞു. സിസ്റ്റർ സുവല്ലന്റെ സുരക്ഷയ്ക്കും, മോചനത്തിനും വേണ്ടിയാണ് സന്യാസിനി സഭയിലെ അംഗങ്ങൾ ഇപ്പോൾ പ്രധാനമായും പ്രാർത്ഥിക്കുന്നതെന്നും ക്ലാരിയോൺ ഹെറാൾഡ് എന്ന മാധ്യമത്തോട് അവർ പറഞ്ഞു. ആയുധധാരികളുടെ അക്രമത്തിന് സാക്ഷ്യം വഹിച്ച മറ്റ് രണ്ട് സന്യസ്തർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് സിസ്റ്റർ ആൻ ലാക്കൂർ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.


കോൺഗ്രിഗേഷനിൽ 140 അംഗങ്ങൾ ഉണ്ട്. ഇതിൽ 40 പേർ അമേരിക്കയിലെ ന്യൂ ഓർലിയൻസിലാണുള്ളത്. 2012 വരെ സന്യാസിനി സമൂഹത്തെ സിസ്റ്റർ സുവല്ലനാണ് നയിച്ചുക്കൊണ്ടിരിന്നത്. ന്യൂ ഓർലിയൻസ് ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മണ്ടും സിസ്റ്ററിന്റെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2016 മുതൽ ഇസ്ലാമിക തീവ്രവാദത്തിന്റെയും, മറ്റ് അക്രമങ്ങളുടെയും ഭീതിയിലാണ് ബുർക്കിനഫാസോയിലെ രണ്ടു കോടി ജനങ്ങൾ കഴിയുന്നത്. ഇവിടുത്തെ ജനസംഖ്യയുടെ 61% ഇസ്ലാം മതവിശ്വാസികളും, 23% ക്രൈസ്തവ വിശ്വാസികളുമാണ്. രാജ്യത്തു അനുദിനം നിരവധി ആക്രമണങ്ങളാണ് ക്രൈസ്തവർക്ക് നേരെ നടക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0