ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പ് മാർച്ച് 22 ന് ; ഒരുക്കങ്ങൾ പൂർത്തിയായി
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ എഴുപതാമത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 22 ചൊവ്വ അടൂർ പറന്തൽ ഗ്രൗണ്ടിലാണ് കോൺഫറൻസ് നടക്കുന്നത്
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ എഴുപതാമത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 22 ചൊവ്വ അടൂർ പറന്തൽ ഗ്രൗണ്ടിലാണ് കോൺഫറൻസ് നടക്കുന്നത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകൾ ചേർന്ന മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പാണ് ഈ കോൺഫറൻസിനെ ശ്രദ്ധേയമാക്കുന്നത്.
ദക്ഷിണ -ഉത്തര-മദ്ധ്യ മേഖലകളായി തിരിച്ചിരിക്കുന്ന മലയാളം ഡിസ്ട്രിക്ടിലെ പാസ്റ്റർമാരും സഭാ പ്രതിനിധികളുമടക്കമുള്ള 1500 -ലധികം പേർ പങ്കെടുക്കും. പുനലൂരിലെ സഭ ആസ്ഥാനത്തു വച്ചു നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും യാത്രയും പാർക്കിംഗ് സൗകര്യങ്ങളും പരിഗണിച്ചു പറന്തലിലേക്കു മാറ്റുകയായിരുന്നു.
സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന കോൺഫറൻസിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
മുൻ സൂപ്രണ്ട് റവ. പി. എസ്. ഫിലിപ്പിന്റെ നിര്യാണത്തെതുടർന്ന് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് നിയോഗിച്ച അഡ്ഹോക് കമ്മിറ്റി സഭയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറി റവ. റ്റി. ജെ. ശാമൂവേലിന്റെയും SIAG ജനറൽ സെക്രട്ടറി ഡോ. കെ. ജെ. മാത്യുവിന്റെയും പേരുകളാണ് സൂപ്രണ്ട് സ്ഥാനത്തേക്കു ഉയർന്നു കേൾക്കുന്നത്. മുൻ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി. മാത്യു, മുൻ പ്രസ്ബിറ്റർ റവ. റ്റി. വി. തങ്കച്ചൻ, നിലവിലെ സെക്രട്ടറി റവ. റ്റി. വി. പൗലോസ്, മുൻ സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. ജോസ്, മുൻ മേഖല ഡയറക്ടർ റവ. കെ. വൈ. വിൽഫ്രഡ് രാജ്, കുമളി സെക്ഷൻ പ്രസ്ബിറ്റർ റവ. ഷൈജു തങ്കച്ചൻ, മുൻ ഡിസ്ട്രിക്ട് ചാരിറ്റി കൺവീനർ റവ. പി. ബേബി എന്നിവരും മത്സരരംഗത്തുണ്ട്.
അസംബ്ലീസ് ഓഫ് ഗോഡിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രചാരണങ്ങളും ആരോപണ- പ്രത്യാരോപണങ്ങളുമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. എന്നാൽ ശക്തമായ ഒരു ആത്മീയ നേതൃത്വം സഭയ്ക്കുണ്ടാകാനാണു പാസ്റ്റർമാരും വിശ്വാസികളും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. പക്ഷങ്ങൾക്കതീതമായി ചിന്തിക്കുന്നവരുടെ വോട്ടുകൾ നിർണായകമാകും