വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും

The pastor who died a heroic death without giving up his faith and Martyr Fr. Bernard

Aug 13, 2022 - 04:37
 0
വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍

 ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ലേഖന പരമ്പരയുടെ മൂന്നാം  ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ലേഖന പരമ്പരയുടെ നാലാം   ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഒരു അക്രമിസംഘം ആഗസ്റ്റ് 26ന് തോതോമഹാ ഗ്രാമത്തില്‍ പ്രവേശിച്ചതോടെ, അവിടത്തെ ക്രൈസ്തവര്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവനും കൊണ്ടോടി. ഇതു കേട്ടറിഞ്ഞ ലിഡിയ ഡിഗള്‍ തന്റെ ഭര്‍ത്താവ് അക്ബര്‍ ഡിഗളിനെ വിളിച്ച് വിവരം ധരിപ്പിച്ചു. തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ചര്‍ച്ചില്‍ പാസ്റ്ററായിരുന്ന അദ്ദേഹം,  അപ്പോള്‍ അടുത്തുള്ള സുലെസോരു ഗ്രാമത്തിലായിരുന്നു. ഭര്‍ത്താവിനോട് ഉടന്‍ സുലെസോരു വിട്ടുപോകാന്‍ ലിഡിയ അപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം അത് നിരാകരിക്കുകയും അവിടെത്തന്നെ താമസിക്കുമെന്ന് ശഠിക്കുകയും ചെയ്തു.

പരിഭ്രാന്തയായ ലിഡിയ അഞ്ചു വയസ്സുള്ള മകനെയും കൂട്ടി പിറ്റേന്ന് അതിരാവിലെ സുലെസോരുവിലെത്തി.തന്നോടൊത്ത് കാട്ടിലേക്ക് ഒളിച്ചോടാന്‍ ലിഡിയ കേണപേക്ഷിച്ചിട്ടും പാസ്റ്റര്‍ അക്ബര്‍ വഴങ്ങിയില്ല. 'ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുന്ന് എന്നെ സംരക്ഷിക്കും. നീ വേണമെങ്കില്‍ മകനെയുംകൂട്ടി കാട്ടിലേക്ക് ഓടിക്കൊള്ളൂ.' എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

ഭര്‍ത്താവിന്റെ മനസുമാറുകയില്ലെന്നു ബോധ്യമായപ്പോള്‍, പാസ്റ്ററുടെ വെള്ള വസ്ത്രം ഉപേക്ഷിക്കാമെന്ന് ഒരുകണക്കിന് സമ്മതിപ്പിച്ചു. ഭര്‍ത്താവ് മഞ്ഞള്‍ പാടങ്ങളില്‍ ഒളിച്ചിരിക്കാമെന്നും ഭാര്യ മകനെയും കൂട്ടി വനാന്തരങ്ങളില്‍ അഭയം തേടാമെന്നുമുള്ള ധാരണയില്‍ അവര്‍ പിരിഞ്ഞു. ഭാര്യയും മകനും പോയതിന്റെ പിന്നാലെ അക്രമിസംഘം ഗ്രാമത്തില്‍ എത്തി. അക്ബര്‍ ഡിഗളിനെ അന്വേഷിക്കുന്നതിനു മുമ്പേ, അവര്‍ ദൈവാലയവും ക്രൈസ്തവ ഭവനങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

പാസ്റ്റര്‍ അക്ബര്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ ആ സംഘം അദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടങ്ങി. മഞ്ഞള്‍പാടത്ത് ഒളിച്ചിരുന്ന അക്ബറിനെ അവര്‍ ഓടിച്ചിട്ടുപിടിച്ചു. തുടര്‍ന്ന് അവിടത്തെ കമ്മ്യൂണിറ്റി ഹാളിന്റെ മുന്‍ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. അക്ബറിന്റെ കഴുത്തിലും ഉദരത്തിലെ കഠാര കുത്തിയിറക്കി. കാലുകള്‍ മഴുകൊണ്ട് വെട്ടിമാറ്റി. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍, വിവസ്ത്രനാക്കുകയും ശരീരഭാഗങ്ങള്‍ കൂട്ടിയിട്ട് തീയിടുകയും ചെയ്തു.

'സമീപത്തുള്ള ചെറുകുന്നിന്റെ മുകളില്‍ നിന്ന് ഞാന്‍ ഇതെല്ലാം കണ്ടു,' ഭീതിയും നിസ്സഹായതയും നിറഞ്ഞ മനസ്സോടെ ലിഡിയ പറഞ്ഞു. പിന്നീട് തന്റെ മകനുമൊത്ത് ആ വിധവ ഒരു ഹിന്ദു കുടുംബത്തില്‍ അഭയം തേടി. ആ കുടുംബം കാരുണ്യപൂര്‍വം അവരെ സ്വീകരിക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്തു.

ലിഡിയയ്ക്കു ആ രാത്രി ഒരു പോള കണ്ണടയ്ക്കാനായില്ല. കണ്ണടയ്ക്കുമ്പോള്‍ കൊടുംക്രൂരതകളുടെ ദൃശ്യങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ വന്നു. പുലർച്ചയ്ക്കു മുമ്പേ ഉണര്‍ന്ന് കുഞ്ഞിനേയും കൂട്ടി അവള്‍ ഭര്‍ത്താവിന്റെ കത്തിക്കരിഞ്ഞ ശരീരം കിടന്നിരുന്ന സ്ഥലത്തേക്ക് നീങ്ങി. വികൃതമായ ആ ശരീരത്തിനടുത്തുനിന്ന് കരയാനല്ലാതെ മറ്റൊന്നിനും അവള്‍ക്ക് ആവുമായിരുന്നില്ല. കുറച്ചുകഴിഞ്ഞ് അഭയം നല്‍കിയ ഹിന്ദു കുടുംബത്തിലേക്ക് ലിഡിയ മടങ്ങി. മടക്കയാത്രയില്‍, ഒരു സംഘം ആളുകള്‍ നടന്നടുക്കുന്നത് കണ്ട് ലിഡിയയും മകനും ഒളിച്ചു. 'പാസ്റ്ററുടെ ഭാര്യ ഇവിടെയുണ്ട്. അവളെയും ജീവനോടെ കത്തിച്ചുകളയണം.' എന്ന് അവര്‍ പറയുന്നതു കേട്ട് ലിഡിയ കിടിലം കൊണ്ടു.

ആ മതഭ്രാന്തന്മാര്‍ അക്ബറിന്റെ അവശേഷിച്ചിരുന്ന ശരീരത്തില്‍, വീണ്ടും തീ കൊളുത്തി. പിറ്റേദിവസം സുരക്ഷാസൈന്യം ഗ്രാമത്തിലെത്തിയപ്പോള്‍ ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സൈന്യം ലിഡിയയെയും മകനെയും അന്വേഷിച്ചു കണ്ടുപിടിച്ച് പോലീസ്‌സ്‌റ്റേഷനില്‍ കൊണ്ടുപോയി. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഇരുവരെയും അഭയാര്‍ത്ഥിക്യാമ്പില്‍ എത്തിച്ചു.

പാസ്റ്ററായ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടിട്ടും ലിഡിയ അക്ഷോഭ്യയായി, ദൃഢസ്വരത്തില്‍  പറഞ്ഞു: 'എന്ത് സംഭവിച്ചാലും, ഞാന്‍ ക്രിസ്ത്യാനിയായി ജീവിക്കും.' അക്ബറിന്റെ ഘാതകര്‍ വൈകാതെ നിയമനടപടികള്‍ക്ക് വിധേയരാക്കപ്പെട്ടു. അതിവേഗ കോടതി 2009 സെപ്തംബര്‍ 23ന് മുഖ്യപ്രതികളില്‍ അഞ്ചുപേരെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. കന്ധമാലില്‍ ഏറെനാള്‍ ദീര്‍ഘിച്ച ക്രൈസ്തവവിരുദ്ധ താണ്ഡവത്തില്‍ രേഖപ്പെടുത്തിയ 828 ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച ആദ്യത്തെ കേസായിരുന്നു ഇത്. പിന്നീട് വിധി തീര്‍പ്പുകല്‍പ്പിച്ച മറ്റു 30 കൊലപാതകക്കേസുകളില്‍ ഒന്നിലും അതിവേഗ കോടതി ആരെയും ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടില്ല.

കൂട്ടാളികള്‍ ജയിലിലടയ്ക്കപ്പെടാന്‍ കാരണക്കാരിയായ തന്നോട് പ്രതികാരം ചെയ്യാന്‍ മതമൗലികവാദികൾ തീരുമാനിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ലിഡിയ മകനെ ചണ്ഡീഗഢിലുള്ള ക്രിസ്തീയ ഹോസ്റ്റലിലാക്കി. ജീവരക്ഷയ്ക്കായി ആ വിധവയ്ക്കും കന്ധമാല്‍ വിട്ടുപോകേണ്ടിവന്നു. മകനെ പിരിഞ്ഞ് താമസിക്കുന്നത് ലിഡിയയ്ക്ക് ദുസ്സഹമായിരുന്നു. വടക്കേ ഇന്ത്യയിലെ പഞ്ചാബില്‍ ചെന്ന് മകനെ കൂടെക്കൂടെ കാണുകയെന്നത് അവള്‍ക്ക് സാമ്പത്തികമായി താങ്ങാവുന്നതായിരുന്നില്ല. 'അവന്‍ ഒഡീഷയില്‍ തന്നെ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയായാല്‍ ഇടയ്ക്കിടയ്ക്ക് എന്റെ മകനെ കാണാമല്ലോ?' 2011 ക്രിസ്മസ് സമയത്ത് ലിഡിയ തന്റെ ആഗ്രഹം സൂചിപ്പിച്ചു. പക്ഷേ, 2017 ഫെബ്രുവരിയില്‍ ലിഡിയയെ ലേഖകൻ അവരെ വീണ്ടും കണ്ടപ്പോഴും മകന്‍ ചണ്ടീഗഢില്‍ തന്നെയാണ് പഠിക്കുന്നത് എന്നാണ് അവർ  പറഞ്ഞത്.

അതിക്രൂരമായ ആക്രമണങ്ങൾ ഏറ്റു വാങ്ങിയ ഫാദര്‍ ബെര്‍ണാഡ് ഡിഗള്‍ ‍

കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ പ്രോക്യൂറേറ്റര്‍ ഫാ. ബെര്‍ണാഡ് ഡിഗള്‍ 2008 ആഗസ്റ്റ് 23ന്, സ്വന്തം ഇടവകയായ ടിയാംഗിയയിലെ പുതിയ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേ ഫാ. ബെര്‍ണാഡ് ഭുവനേശ്വറില്‍ 240 കി.മീ. ദൂരെയുള്ള ശങ്കരകോള്‍ പള്ളിയിലെത്തി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വന്നു. ബെര്‍ണാഡ് അച്ഛന്‍ സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടു. തന്റെ യാത്രാ പരിപാടികളില്‍ മാറ്റം വരുത്തി. 73 വയസ്സുണ്ടായിരുന്ന മലയാളി വൈദികന്‍ ചാണ്ടി എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ചരളം കുന്നേലിന്റെ കൂടെ അന്നുരാത്രി താമസിക്കുവാന്‍ ബെര്‍ണാഡച്ചന്‍ തീരുമാനിച്ചു.

പിറ്റേദിവസം സ്വാമിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ശങ്കര കോളിലൂടെ കടന്നു പോകുമെന്നറിഞ്ഞു. പക്ഷെ വിലാപയാത്ര എത്തിച്ചേര്‍ന്നത് രണ്ടാം ദിവസം ഉച്ചകഴിഞ്ഞു മാത്രമാണ്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത വിലാപയാത്ര ആഗസ്റ്റ് 25 ന് ഉച്ചതിരിഞ്ഞ് ശങ്കരക്കോളില്‍ എത്തുമ്പോള്‍ അവിടത്തെ പള്ളിയും തീവച്ചു നശിപ്പിക്കുവാന്‍ ഗൂഡാലോചനയുണ്ടെന്ന് കത്തോലിക്കാ യുവജനങ്ങള്‍ക്ക് അറിവ് കിട്ടിയിരുന്നു. എന്നാല്‍, വിലാപയാത്ര ഏറെ വൈകിയതിനാല്‍ കലാപകാരികള്‍ ആക്രമണം മാറ്റിവച്ചു.

സ്വാമിയുടെ മൃതസംസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന അണികള്‍ എത്തുന്നതിനുമുമ്പ് തന്നെ, രണ്ടു വൈദികരും സമീപത്തുള്ള മഠത്തിലെ മൂന്നു കന്യാസ്ത്രീകളും അവിടത്തെ ജോലിക്കാരും കാട്ടിലേക്ക് ജീവനും കൊണ്ടോടി. അക്രമികള്‍ എല്ലാം കൊള്ളയടിച്ച് കെട്ടിടവും അതിനോട് ചേര്‍ന്നുള്ള പള്ളിയായി ഉപയോഗിച്ചിരുന്ന വിശാലമായ ഹാളും അഗ്‌നിക്കിരയാക്കി. രണ്ട് അള്‍സേഷ്യന്‍ നായ്ക്കളെ കല്ലെറിഞ്ഞു വകവരുത്തി. ഫലവൃക്ഷങ്ങളും സസ്യലതാദികളുമെല്ലാം അരിഞ്ഞുവീഴ്ത്തി. പിന്നീട് ബെര്‍ണാഡ് അച്ചന്റെ വാന്‍ അന്വേഷിച്ചു കാട്ടിലേക്ക് നീങ്ങി. വനാന്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കണ്ടെത്തി തീയിട്ടു നശിപ്പിച്ചു.

രാത്രി കാട്ടില്‍ കഴിച്ചുകൂട്ടിയ വൈദികരും മറ്റും പിറ്റേന്നു രാവിലെ, എന്തെങ്കിലും ഭക്ഷിക്കാനായി, കത്തിച്ചാമ്പലായ കേന്ദ്രത്തിലേക്ക് മടങ്ങി വന്നു. പാതി കത്തിക്കരിഞ്ഞ ഭക്ഷണസാധനങ്ങള്‍ പെറുക്കിയെടുത്തതിനു ശേഷം ചാണ്ടിയച്ചനും മറ്റുള്ളവരും കാട്ടിലേക്കുതന്നെ മടങ്ങി. പ്രായാധിക്യം കാരണം ചാണ്ടിയച്ചന് നടക്കാന്‍ വിഷമമായിരുന്നു.അദ്ദേഹത്തെ എങ്ങനെയെങ്കിലും കന്ധമാലില്‍ നിന്ന് പുറത്തു കടത്തണം. അതിന് ഒരു മോട്ടോര്‍ ബൈക്ക് കിട്ടുമോ എന്ന് അന്വേഷിക്കുവാന്‍ ബെര്‍ണാഡ് അച്ചന്‍ തീരുമാനിച്ചു. 

(പാലാ രാമപുരത്തുകാരനായ  ചാണ്ടിയച്ചന്‍ ജീവിതകാലം മുഴുവന്‍ കന്ധമാലില്‍ സേവനം ചെയ്ത് 2015 ല്‍ വിരമിക്കുകയും 2017 ജൂലൈ 10ന് 81മത്തെ വയസ്സില്‍ കേരളത്തിലെ വിശ്രമവേളയില്‍ മരണമടയുകയും ചെയ്തു.) ആ സ്ഥലം ഏറെ പരിചയമുള്ള ബെര്‍ണാഡച്ചന്‍ തന്റെ ഡ്രൈവറെയും അയല്‍വാസിയായ ഒരു യുവാവിനെയും കൂട്ടി പുറപ്പെട്ടു. 15 കി.മീ അകലെ പദംപാഡയില്‍ മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്ന വൈദികന്റെ വസതിയായിരുന്നു ലക്ഷ്യം. 'ആ ഭവനം കത്തിയമരുന്നത് ദൂരെനിന്നു നടുക്കത്തോടെ ഞങ്ങള്‍ കണ്ടു. അതിനാല്‍ ഞങ്ങള്‍ തൊട്ടടുത്ത ക്രിസ്തീയ ഗ്രാമത്തിലേക്ക് നീങ്ങി,' അവിടെയുണ്ടായിരുന്ന മുഴുവന്‍ ക്രിസ്തീയ ഭവനങ്ങളും അഗ്‌നിക്കിരയാക്കിയിരിക്കുന്നതുകണ്ട് അച്ചനും സഹയാത്രികരും അന്വേഷണം തുടര്‍ന്നു

സൂര്യന്‍ അസ്തമിച്ചതോടെ യാത്രതുടരാന്‍ നിവൃത്തിയില്ലാതായി. ദുദുര്‍ക്കഗം ഗ്രാമത്തില്‍ കത്തിച്ചാമ്പലായി ഒരു പള്ളിയുണ്ടായിരുന്നു. അവിടെ വിശ്രമിക്കാന്‍ അവര്‍ തീരുമാനിച്ചു. 'കൂടെയുള്ള ചെറുപ്പക്കാര്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍, അക്രമി സംഘത്തിന്റെ ബഹളം കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ഓടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, ഫാദർ ബെർണാഡ്  അവരുടെ പിടിയിലായി. കിട്ടിയപാടെ അവര്‍ ഫാദർ ബെർണാഡിനെ  മര്‍ദ്ദിക്കാനും തുടങ്ങി,' ബെര്‍ണാഡച്ചന്‍ അന്നത്തെ കാളരാത്രിയുടെ കിടിലം കൊള്ളിക്കുന്ന ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു. അക്രമികളെ തള്ളിമാറ്റി, കൂരിരുട്ടില്‍, കുറ്റിച്ചെടികള്‍ക്കിടയിലൂടെ പ്രാണരക്ഷാര്‍ത്ഥം ഓടി. പക്ഷെ, അവര്‍ അദ്ദേഹത്തെ വീണ്ടും കീഴ്‌പ്പെടുത്തി. പിന്നെ തല്ലിന്റെ പൂരമായിരുന്നു. ആരോ ഇരുമ്പുദണ്ഡു കൊണ്ട് ശിരസ്സില്‍ ആഞ്ഞടിച്ച്. അതോടെ ബെര്‍ണാഡച്ചന്‍ അര്‍ദ്ധബോധാവസ്ഥയിലായി.

'എനിക്ക് വേദന ഇല്ലാതായി, അവര്‍ എന്നെ മര്‍ദ്ദിക്കുന്നതും എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നതും ഞാന്‍ കണ്ടു, 'ബെര്‍ണാഡച്ചന്‍ നടുക്കത്തോടെ ഓര്‍മിച്ചു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍, 'അവന്‍ ഉടനെ ചത്തോളും, നമുക്കു പോകാം' എന്നു പറഞ്ഞാണ് അവര്‍ സ്ഥലം വിട്ടത്. ആഗസ്റ്റ് 26ന് രാത്രി മുഴുവന്‍ ബെര്‍ണാഡച്ചന്‍ കാട്ടിനകത്ത് ചലനമറ്റ് കിടന്നു. ചുറ്റുമുണ്ടായിരുന്നത് ഓരിയിട്ടിരുന്ന വന്യമൃഗങ്ങള്‍ മാത്രം.

'എനിക്ക് മൃതസംസ്‌കാരംപോലും കിട്ടില്ലല്ലോ എന്നായിരുന്നു എന്റെ ഭയം. ചോരയില്‍ കുളിച്ചുകിടക്കുന്ന എന്നെ ഏതെങ്കിലും വന്യമൃഗം തിന്നുകളയുമെന്ന് ഞാന്‍ ഭയപ്പെട്ടു,' മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍, സെപ്റ്റംബര്‍ 10 ആം തീയതി ബര്‍ണാഡച്ചന്‍ പറഞ്ഞു. 'കാട്ടിനുള്ളില്‍ ചലനമറ്റു കിടക്കുമ്പോള്‍, ദാഹം സഹിക്കാനാവാതെ കിടന്നുതന്നെ എന്റെ മൂത്രം കയ്യിലെടുത്ത് കുടിച്ചു,' ആ വൈദികന്‍ വിതുമ്പലോടെ വിവരിക്കുകയുണ്ടായി.

പ്രഭാതത്തില്‍ ബെര്‍ണാഡച്ചന്‍ സഹായം അഭ്യര്‍ത്ഥിച്ചു കരയുന്നതു കേട്ട് ആദ്യം അവിടെ എത്തിയത് ഒരു വൃദ്ധ സ്ത്രീയാണ്. നഗ്‌നനും രക്തമൊലിക്കുന്നവനുമായ അദ്ദേഹത്തിന്റെ കിടപ്പു കണ്ട ആ സ്ത്രീ ഓടിപ്പോയി. പിന്നീട് നിലവിളികേട്ട് വന്ന ബാലന്‍ ഗ്രാമീണരെ വിവരം ധരിപ്പിച്ചു. അവര്‍ അദ്ദേഹത്തെ ഏറ്റവും അടുത്ത വഴിയിലെത്തിച്ചു. അവര്‍ അറിയിച്ചതനുസരിച്ചു പോലീസ് വന്ന്, കന്ധമാല്‍ ജില്ലയുടെ ആസ്ഥാനമായ ഫുള്‍ബാനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടത്തെ തീവ്രപരിചരണത്തിനുശേഷം സഭാധികാരികള്‍ ബെര്‍ണാഡച്ചനെ അടിയന്തിരമായി ഭുവനേശ്വറിലേക്ക് കൊണ്ടുപോയി.ആ സമയത്ത് ക്രൈസ്തവ വിരുദ്ധ ആക്രമങ്ങള്‍ പരക്കെ നടന്നിരുന്നത് കൊണ്ട് വളഞ്ഞ വഴികളിലൂടെയാണ് അദ്ദേഹത്ത ഭുവനേശ്വറില്‍ എത്തിച്ചത്. പിന്നീട് ബെര്‍ണാഡച്ചനെയും ഗുരുതരമായി പരിക്കേറ്റിരുന്ന മറ്റു രണ്ടു വൈദികരെയും വിമാനമാര്‍ഗ്ഗം മുംബൈയിലെ ആശുപത്രീയിലേക്ക് കൊണ്ടുപോയി. ദിവ്യജ്യോതി പാസ്റ്ററല്‍ സെന്റെറിന്റെ ഡയറക്ടറും മലയാളി വൈദികനായ തോമസ് ചെല്ലനും  സമ്പാല്‍പൂര്‍ രൂപതയില്‍പെട്ട പദംപൂരിന് സമീപം കുന്തപ്പള്ളിയില്‍ അത്ഭുതകരമായി മരണ വക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ട എഡ്‌വേഡ് സെക്ക്വേര അച്ചനും ആയിരുന്നു ഈ രണ്ടു പുരോഹിതന്മാര്‍.

'ഞാന്‍ ഭാഗ്യവാനാണ്. ഇപ്പോള്‍ എനിക്കു കുഴപ്പമൊന്നുമില്ല.' ബെര്‍ണാഡച്ചന്‍ തന്നെ കാണാന്‍ വന്ന മുംബൈയിലെ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനോട് ഹോളി സ്പിരിറ്റ് ആശുപത്രിയിലെ രോഗശയ്യയില്‍ കിടന്ന് പറഞ്ഞു. അത് പറയുമ്പോഴും ബെര്‍ണാഡച്ചന്റെ ഇരുകൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

'എന്റെ ഉത്കണ്ഠ മുഴുവന്‍ കന്ധമാലിലെ ജനങ്ങളെക്കുറിച്ചാണ്. അവരുടെ വേദനയാണ് എന്റെതിനേക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്,' ബെര്‍ണാഡച്ചന്‍ പറഞ്ഞു. തന്റെ മനോവ്യഥ വിശദീകരിക്കുന്നതിനിടയ്ക്ക് ഫുള്‍ബാനി സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ സ്തബ്ധനാക്കിയ ഒരു ദാരുണരംഗം അദ്ദേഹം അനുസ്മരിച്ചു. തന്റെ അടുത്ത കട്ടിലില്‍ മാരകമായി മുറിവേറ്റ ആണ്‍കുട്ടിയും അമ്മയും ചികിത്സയിലുണ്ടായിരുന്നു. അന്നേരം ആ കുട്ടിയുടെ, കൊല്ലപ്പെട്ട പിതാവിന്റെ മൃതദേഹം, പോസ്റ്റുമോര്‍ട്ടത്തിനായി പുറത്ത് കിടക്കുകയായിരുന്നു.

മുംബൈ ആശുപത്രിയിലെ ആറാഴ്ച നീണ്ട ചികിത്സയെത്തുടര്‍ന്ന് ബെര്‍ണാഡച്ചന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. പിന്നീട് അദ്ദേഹത്തെ സമീപത്തുള്ള കത്തോലിക്ക ആശ്രമത്തിലേക്ക് മാറ്റി. ആ അവസരത്തില്‍ കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെ വികാരി ജനറാളായ അല്‍ഫോന്‍സ് ബോളിയാര്‍സിങ് അച്ചന്‍ ചെന്നൈയില്‍ അടിയന്തിര ബൈപാസ് ശാസ്ത്രക്രിയയ്ക് വിധേയനാകുന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ബര്‍ണാഡച്ചന്‍ പുറപ്പെട്ടു. വിമാനമാര്‍ഗ്ഗമായിരുന്നു യാത്രയെങ്കിലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതിന്റെ ഫലമായി ബെര്‍ണാഡച്ചന്‍ ചെന്നൈയിലെത്തിയ ഉടനെ രോഗബാധിതനായി. അബോധാവസ്ഥയിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 28 ന് ചെന്നൈയിലെ സെന്റ് തോമസ് ആശുപത്രിയില്‍ മരണമടഞ്ഞു.

'അദ്ദേഹത്തിന്റെ  മൃതദേഹം ജന്മസ്ഥലമായ ടിയാംഗിയായില്‍ സംസ്‌കരിക്കാനായിരുന്നു സഭാധികാരികള്‍ക്ക് താല്പര്യം. പക്ഷേ, കന്ധമാല്‍ ജില്ലാ അധികാരികള്‍ അത് അനുവദിച്ചില്ല. അവിടത്തെ സ്ഥിതിഗതികള്‍ രണ്ടുമാസങ്ങള്‍ക്കു ശേഷവും സുരക്ഷിതമല്ല എന്നായിരുന്നു അവരുടെ ന്യായവാദം. ഭുവനേശ്വറില്‍ നിന്ന് ഭീതിദമായ ടിയാംഗിയയിലേക്കുള്ള ബെര്‍ണാഡച്ചന്റെ അന്ത്യയാത്രയെ അനുഗമിക്കുന്ന ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അധികാരികള്‍ തുറന്നു പറഞ്ഞു.

കന്ധമാലില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരെ കശാപ്പുചെയ്ത സ്ഥലമാണ് ടിയാംഗിയ. അര ഡസന്‍ ആളുകളെ പൊതുസ്ഥലത്ത് വച്ചാണ് വകവരുത്തിയത്. പക്ഷെ, ഈ കൊലപാതകങ്ങളുമായി ബന്ധമുള്ള ഒരു പ്രതിയെപ്പോലും പോലീസ് പിടികൂടിയിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട  കാര്യം.

മുതിര്‍ന്ന മലയാളി വൈദികന്റെ സുരക്ഷാ ഉറപ്പുവരുത്തുവാന്‍ സ്വജീവന്‍ ഹോമിച്ച ആ വീരപുരോഹിതനാണ് ഫാദർ ബെർണാഡ് . അതുമൂലം തന്റെ ജന്മദേശത്ത് അന്ത്യവിശ്രമസ്ഥാനം പോലും ലഭിച്ചില്ല. അങ്ങനെ, ബെര്‍ണാഡച്ചനെ ഭുവനേശ്വറില്‍ സംസ്‌ക്കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും മൃതസംസ്‌ക്കാരത്തിന് എത്തിയത് കന്ധമാലിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നാണ്. ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഈ വൈദികന്റെപേര് ചേര്‍ക്കാന്‍ പോലീസ് വിസമ്മതിച്ചു. ബെര്‍ണാഡച്ചനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍കേസ് കൊലപാതകമാണ് മാറ്റണമെന്നുള്ള സഭാധികാരികളുടെ അപേക്ഷയും അവര്‍ അവഗണിക്കുകയാണ് ചെയ്തത്.