നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി
നൈജീരിയയിലെ തെക്കുകിഴക്കുള്ള ഓക്കിഗ്‌വേയില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. മെയ് 19ന് നൈജീരിയയിലെ പുതിയ ആരാധന ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഫാ. ജൂഡ് കിംഗ്‌സ്‌ലി മഡുക എന്ന വൈദികനെ തട്ടിക്കൊണ്ടു പോകുന്നത്. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ഫാ. പ്രിൻസ്‌വിൽ ഇവുവാൻയാൻവു, ഒക്കിഗ്വേ ബിഷപ്പ് മോൺ. സോളമൻ അമഞ്ചുക്വു എന്നിവര്‍ വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വൈദികന്‍ മോചിതനായിരിക്കുന്നത്. വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ദൈവജനങ്ങൾക്കും അവരുടെ തീക്ഷ്ണമായ പ്രാർത്ഥനകൾക്കും സ്നേഹപ്രകടനങ്ങൾക്കും നന്ദി അറിയിച്ചു.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ നൈജീരിയയില്‍ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പതിവ് സംഭവമാണ്. ഏപ്രിൽ 15ന് ഫാ. മൈക്കൽ ഇഫിയാനി, ഏപ്രിൽ 29 ന് ഫാ. റാഫേൽ ഒഗിഗ്ബയെ, മേയ് നാലിന് ഫാ. ചോച്ചോസ് കുനാവ് എന്നീ വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇത്തരത്തില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഫാ. ജൂഡ് കിംഗ്‌സ്‌ലിയുടേത്.
പണം ലക്ഷ്യമാക്കിയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകല്‍ തുടരുന്നത്. നിരവധി വൈദികരെ ഇക്കാലയളവില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന അക്രമങ്ങളുമായി പശ്ചിമാഫ്രിക്കൻ രാജ്യം പോരാടുകയാണ്. 2009 മുതൽ, നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങളും രാജ്യത്ത് അതീവ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്.