പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണം

May 6, 2022 - 05:13
 0

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് ആക്രമണം. ഏപ്രില്‍ 29-നാണ് പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ കലീമിനും മര്‍ദ്ദനമേറ്റു.

ഒരു ലക്ഷം പാക്കിസ്ഥാനി റുപ്പീസ് (536 യു.എസ്. ഡോളര്‍) വീതം നല്‍കണമെന്നാണ് അക്രമികളുടെ ആവശ്യമെന്നും, അല്ലാത്ത പക്ഷം ആരാധനയും, സ്കൂളിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്നും കലീം പോലീസിനോട് പറഞ്ഞു. സ്കൂള്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് അക്രമികള്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും, സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും രണ്ടുദിവസത്തിനുള്ള പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ കാറുകളും, മോട്ടോര്‍ സൈക്കിളുകളും അക്രമികള്‍ തകര്‍ത്തു. ഏതാണ്ട് മൂന്നര ലക്ഷം റുപ്പീസിന്റെ നാശ നഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ മത, രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്നാണ്‌ പറയുന്നതെന്നും, എന്നാല്‍ ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ താനൊരിക്കലും അങ്ങനെ പറയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ തുറന്നടിച്ചു. തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നടക്കുവാന്‍ പോലും കഴിയുന്നില്ലെന്നും, തങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികളായ മുസ്ലീം സമുദായക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ കലീം വെളിപ്പെടുത്തിയിരിന്നു. അക്രമത്തിനിരയായ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഷെയിഖുപുര സെന്റ്‌ തെരേസാ ഇടവക വികാരി ഫാ. തൗസീഫ് യോസഫ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു ഫാ. തൗസീഫ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ്‌ കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും മാര്‍ച്ചില്‍ ഒരു മുസ്ലീം യുവാവ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ കയറി കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0