പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി
Christian candidate for the post of Minister of Punjab Province of Pakistan
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിരളമായ സംഭവമാണ്. വർഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലിസ്റ്റിലെ ക്രിസ്ത്യൻ പ്രതിനിധിയും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയുമായിരിന്നു താഹിർ സിന്ധു.
സാംസ്കാരികമായും ധാർമ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്ലാമിക ഗ്രൂപ്പുകൾ ഉൾപ്പെടെ പാർലമെൻ്റിലെ വിവിധ പാർട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവൺമെൻ്റിൽ മനുഷ്യാവകാശ-ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013-ൽ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 57 വയസ്സുള്ള സിന്ധു, ഫൈസലാബാദ് സ്വദേശിയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്നു പോരാടുന്ന വ്യക്തി കൂടിയാണ് താഹിർ സിന്ധു.
2013 ജൂലൈയിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികളായ ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവർക്ക് വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ സമിതിയിലെ അംഗമായിരുന്നു സിന്ധു. ആദ്യ ഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെ 2021-ൽ ലാഹോർ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ ഇടയാക്കിയ വിചാരണയിലും സിന്ധു പ്രത്യേക ഇടപെടല്‍ നടത്തിയിട്ടുണ്ട്.