നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി: മൃതദേഹം ഒരുമിച്ച് അടക്കം ചെയ്യും, സ്മാരകമായി നിലനിര്‍ത്തുമെന്നു സര്‍ക്കാര്‍

Jun 11, 2022 - 02:33
 0

ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ യോഗ്യമാം വിധം അടക്കം ചെയ്യുവാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് ഒണ്‍ഡോ ഗവര്‍ണര്‍ ഒലുവാരോടിമി അകേരെഡോലു. തെക്ക് - പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സംഘം കത്തോലിക്ക മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്.

ദൗര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നാലെ ഗവര്‍ണറെ കാണുകയായിരിന്നു കത്തോലിക്ക മെത്രാന്‍ സംഘം. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നടത്തുമെന്ന് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടഡെ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഒരു സ്മാരകമായി നിലനിര്‍ത്തുമെന്ന് ഗവര്‍ണര്‍ അകേരെഡോലു ഉറപ്പ് നല്‍കി. ആക്രമണത്തിന് ഇരയായവരുടെ എണ്ണത്തേക്കുറിച്ച് ഹെല്‍ത്ത് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നല്‍കിയ കണക്കും, താന്‍ പറഞ്ഞ കണക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ടെന്ന്‍ സമ്മതിച്ച ഗവര്‍ണര്‍, ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, പരിക്കേറ്റ 61 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും അറിയിച്ചു.

ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെയും, ആക്രമണത്തെ അതിജീവിച്ചവരേയും സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണം അര്‍ഹരായവരുടെ കൈകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ദൈവത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നു ബിഷപ്പ് അബെഗുണ്‍റിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൈകൊണ്ട നടപടികള്‍ക്ക് ബിഷപ്പ് നന്ദി അറിയിച്ചു. ഇതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നത് എന്ന രീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുലാനി ഹെര്‍ഡ്സ്മാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു മൃതസംസ്കാരത്തിന്റെ ചിത്രങ്ങളാണ്.