ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഘാതകരെ മോചിപ്പിക്കണം: നൈജീരിയന്‍ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം

May 18, 2022 - 16:54
May 18, 2022 - 16:58
 0

നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക കത്തീഡ്രൽ ദേവാലയം ആക്രമിച്ചു. സോകോടോ രൂപതയിലെ ഹോളി ഫാമിലി കത്തീഡ്രലിനു നേർക്കാണ് ആക്രമണമുണ്ടായത്. കത്തീഡ്രലിനു സമീപമുള്ള സെന്റ് കെവിൻസ് പള്ളിക്കു നേരെയും ആക്രമണമുണ്ടായി. പള്ളിക്കു തീവയ്ക്കാനും അക്രമികൾ ശ്രമിച്ചു. മുതിർന്ന യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ബെല്ലോ വേയിലെ ഹോളി ഫാമിലി കാത്തലിക് കത്തീഡ്രൽ ആക്രമിക്കുകയും പള്ളിയുടെ ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.

ബിഷപ്പ് ലോട്ടൺ സെക്രട്ടേറിയറ്റിന്റെ ചില്ലുകൾ നശിപ്പിച്ച് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കമ്മ്യൂണിറ്റി ബസ് നശിപ്പിക്കുകയും ചെയ്തുവെന്ന്‍ സോകോടോ രൂപത വെളിപ്പെടുത്തി. കിഴക്കൻ ബൈപാസിലെ ഗിദാൻ ഡെറെയിലെ സെന്റ് കെവിൻസ് കത്തോലിക്ക ദേവാലയവും അക്രമത്തിന്ഇരയായി. ദേവാലയം ഭാഗികമായി കത്തിക്കുകയും അതേ പരിസരത്ത് നിർമാണത്തിലിരിക്കുന്ന പുതിയ ആശുപത്രി സമുച്ചയത്തിന്റെ ജനൽച്ചില്ലുകൾ തകര്‍ക്കുകയും ചെയ്തു. കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് പോലീസുകാരുടെ സംഘം ഇവരെ തുരുത്തുകയായിരിന്നു. എന്നാല്‍ സോകോടോ തെരുവ് വീഥികളില്‍ അല്ലാഹു അക്ബര്‍ വിളിയുമായി മുസ്ലിം യുവജനങ്ങള്‍ വ്യാപക ആക്രമണം അഴിച്ചു വിടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. റോഡുകള്‍ ഉപരോധിച്ചാണ് ആക്രമണം. ഇതിനിടെ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മതനിന്ദ നടത്തിയെന്ന ആരോപണമുന്നയിച്ച് നൈജീരിയയിലെ സോകോട്ടോയിൽ മുസ്ലിം സഹപാഠികൾ ക്രൈസ്തവ വിദ്യാർത്ഥിനിയായ ദെബോറ യാക്കുബിനെ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കിയത്. ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനിയായിരിന്നു ദെബോറ. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ 'യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ്‌ ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0