ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: മുന്‍ ദേശീയ പോലീസ് തലവനെ വിചാരണ ചെയ്തു തുടങ്ങി

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തുടങ്ങി. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്ന കുറ്റം നേരിടുന്ന മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയെയാണ് ആദ്യം വിചാരണയ്ക്കു വിധേയനാക്കിയിരിക്കുന്നത്

Nov 24, 2021 - 21:09
Nov 24, 2021 - 21:28
 0

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തുടങ്ങി. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്ന കുറ്റം നേരിടുന്ന മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയെയാണ് ആദ്യം വിചാരണയ്ക്കു വിധേയനാക്കിയിരിക്കുന്നത്. പുനിത് ജയസുന്ദര ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ആക്രമണം നടന്നകാലത്ത് പ്രതിരോധമന്ത്രാലയം സെക്രട്ടറിയായിരുന്ന ഹേമസിരി ഫെര്‍ണാണ്ടോയ്‌ക്കെതിരേയും സമാനമായ കുറ്റമാണു ചുമത്തിയിരിക്കുന്നത്.

270 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ആദ്യഘട്ടത്തില്‍ കോടതി പരിഗണിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രണ്ടുപേരും ജാമ്യത്തിലാണിപ്പോള്‍. അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനാസ്ഥയാണ് ആക്രമണത്തിന് അവസരമൊരുക്കിയത് എന്നാണ് ഇരുവരുടേയും നിലപാട്.

2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. ആക്രമണം നടന്നിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്.