മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച പെൺകുട്ടികൾ കസ്റ്റഡിയില്‍
In Madhya Pradesh, girls who expressed interest in becoming Catholic nuns are in custody
മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു. ജൂലൈ 21നാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മൂന്നുപേരെ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തത്.
ആദിവാസികൾ ബഹുഭൂരിപക്ഷം വരുന്ന ജാബുവ ജില്ലയിലെ കത്തോലിക്കാ വിദ്യാലയത്തിന്റെ ഹോസ്റ്റലിൽ നിന്നു പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും കത്തോലിക്ക സന്യാസിനികളാകാൻ ആഗ്രഹം പ്രകടിപ്പിച്ചത്, ഇൻസ്പെക്ഷൻ നടത്താൻ എത്തിയ ഉദ്യോഗസ്ഥർ മതപരിവർത്തനമാണെന്ന തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നു.
മൂന്നു പെൺകുട്ടികളും ഇപ്പോൾ ജില്ലാ ശിശുക്ഷേമ കമ്മിറ്റിയുടെ കസ്റ്റഡിയിലാണ്. അതേസമയം തങ്ങളുടെ മക്കളെ ഉടനെ മോചിപ്പിക്കാൻ തയ്യാറാകണമെന്ന് പെൺകുട്ടികളിൽ ഒരാളുടെ പിതാവായ പ്രകാശ് ബാരിയ, പറഞ്ഞു. തങ്ങളോട് ചോദിക്കാതെ തീരുമാനമെടുത്ത അധികൃതരുടെ നടപടിയെ മറ്റു പെൺകുട്ടികളുടെ മാതാപിതാക്കളും ജാബുവയിലെത്തി ചോദ്യം ചെയ്തിരിന്നു. പൂർവികരുടെ കാലം മുതലേ തങ്ങൾ കത്തോലിക്കാ വിശ്വാസമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ ബാരിയ, എന്തിനു വേണ്ടിയാണ് തങ്ങളുടെ കുട്ടികളെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു.
സന്യാസിനിയാകുകയെന്നത് ഒരു കുറ്റകൃത്യമാണോയെന്നു മറ്റൊരു പെൺകുട്ടിയുടെ പിതാവായ സാംസൺ മക്വാന ചോദ്യമുയര്‍ത്തി. തങ്ങളുടെ കുട്ടികൾ അവർക്ക് സന്യാസ ജീവിതം സ്വീകരിക്കാനാണ് താല്പര്യമെന്ന് പറയുമ്പോൾ വേറെ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. കുട്ടികളെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ അധികൃതർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്നു മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.