കർണാടകത്തിൽ പാസ്റ്റർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കർണാടകത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കുടകിലും വടക്കൻ കർണാടകത്തിലെ ഹുബ്ബള്ളിയിലുമാണ് അറസ്റ്റ്.
കർണാടകത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കുടകിലും വടക്കൻ കർണാടകത്തിലെ ഹുബ്ബള്ളിയിലുമാണ് അറസ്റ്റ്.
ഹുബ്ബള്ളിയിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ നിർബന്ധപൂർവം മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പാസ്റ്ററായ സോമു അവരാദിയാണ് അറസ്റ്റിലായത്.ഭോവി വിഭാഗത്തിൽപ്പെട്ട വിശ്വനാഥ് ബുദൂരാണ് പോലീസിൽ പരാതിനൽകിയത്. കഴിഞ്ഞ മൂന്നുമാസമായി തന്നെ ക്രിസ്തുമതത്തിൽ ചേരാൻ പ്രലോഭിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വനാഥ് നവനഗർ പോലീസിൽ പരാതി നൽകിയത്.
എന്നാൽ, ആരെയും മതംമാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്ന് പാസ്റ്റർ സോമു പോലീസിന് മൊഴിനൽകി.
പാസ്റ്റർ സോമുവിനെ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാർ പ്രവർത്തകർ ഞായറാഴ്ച ആരാധനാ ഹാളിൽ അതിക്രമിച്ചു കയറി ഭജന ചൊല്ലിയിരുന്നു. സ്ത്രീകളും പുരുഷൻമാരും അടക്കമുള്ള സംഘം ഭജന ചൊല്ലുന്നതിന്‍റെ വിഡിയോയുംപുറത്തുവന്നിട്ടുണ്ട്.
കുടകിൽ സോമവാരപേട്ട് താലൂക്കിലെ ശനിവാരസന്തെയിൽ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനായ മഞ്ജുനാഥിനെയും മതപരിവർത്തനാരോപണത്തെ തുടർന്ന് അറസ്റ്റുചെയ്തു. പാവപ്പെട്ടവരെയും ആദിവാസികളെയും ക്രിസ്തുമതത്തിൽ ചേരാൻ മഞ്ജുനാഥും കുടുംബവും നിർബന്ധിച്ചുവെന്നാണ് പരാതി.
തൊഴിലാളിയായ അഞ്ജലി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചവരാണ് മഞ്ജുനാഥിന്റെ കുടുംബം. ഞായറാഴ്ച അഞ്ജലിയുടെ വീട്ടിലെത്തിയ മഞ്ജുനാഥും കുടുംബവും പ്രാർഥനയിൽ പങ്കെടുക്കാൻ നിർബന്ധിച്ചുവെന്ന് അഞ്ജലി പോലീസിൽ പരാതിനൽകിയത്.
അറസ്റ്റിലായ മഞ്ജുനാഥിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയിലെ വിവിധയിടങ്ങളിൽ മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ പരാതികളെ തുടർന്ന് അറസ്റ്റ് നടക്കുന്നതിനാൽ ഇവിടുത്തെ ശുശ്രൂഷകർ ആശങ്കയിലാണ്.