ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്
ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവെന്ന് ജെറുസലേം ആസ്ഥാനമായ
റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും, അത് ഇപ്പോൾ കൂടുതൽ കഠിനമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇടയില്‍ വർദ്ധിച്ചുവരുന്ന അരക്ഷിതബോധം ഉളവാക്കുന്നുണ്ട്.
2023-ൽ ക്രൈസ്തവ ദേവാലയ വക സ്വത്തുക്കൾക്ക് നേരെ 32 ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏഴ് അക്രമാസക്തമായ ആക്രമണങ്ങളും 11 വാക്കാലുള്ള ഉപദ്രവവും സെമിത്തേരി അവഹേളിച്ചതും വൈദികര്‍ക്കും തീർത്ഥാടകർക്കും നേരെ യഹൂദര്‍ തുപ്പിയ മുപ്പതോളം ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഷ്ണറി പ്രവർത്തനം ഇസ്രായേലിൽ നിയമവിരുദ്ധമല്ലായെങ്കിലും ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാനെന്നു റിപ്പോർട്ട് പറയുന്നു.
ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ രാഷ്ട്രീയ നേതൃത്വമോ ഇസ്രായേലി അധികാരികളോ വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും തീവ്ര വലതുപക്ഷത്തേക്കു വളർന്നുവരുന്ന ദേശീയതയിലേക്കുള്ള മാറ്റം, യഹൂദ ജനതയ്‌ക്കുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന് ഊന്നൽ നൽകുന്നതുമായ സാഹചര്യങ്ങളാണ് ക്രൈസ്തവര്‍ക്ക് വെല്ലുവിളിയായി മാറുന്നത്.
ഇസ്രായേലിലെ 9.8 ദശലക്ഷം ജനങ്ങളിൽ 73% യഹൂദരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.9% മാത്രമാണ് ക്രൈസ്തവര്‍. അതിൽ 75.3% അറബ് ക്രൈസ്തവരാണ്. നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നു ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരിന്നു.