കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
Islamic extremist attack on Christian church in Congo; Five dead, 15 injured
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ദേവാലയത്തെ ലക്ഷ്യംവെച്ച് നടന്ന ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്നു ഞായറാഴ്ച (15 ജനുവരി 2023) നടന്ന സംഭവം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി ആക്രമണമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഉഗാണ്ടയോട് ചേര്‍ന്ന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കസിൻഡി ഗ്രാമത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് ആർമി വക്താവ് ആന്റണി മൗളുഷെ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ശരീരങ്ങൾ ദേവാലയത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ പരിക്കുപറ്റിയവരെ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ട്രക്കിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഒരു ജ്ഞാനസ്നാനം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികൾ ആണെങ്കിലും, തുടർച്ചയായി തീവ്ര ഇസ്ലാമികവാദികളില്‍ നിന്ന് ഭീഷണി നേരിടുന്ന സമൂഹമാണ് കോംഗോയിലുള്ളത്. അലയൻസ് ഫോർ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന സംഘടനയാണ് രാജ്യത്തിന്റെ കിഴക്ക് ക്രൈസ്തവർക്കും, ദേവാലയങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അയച്ചു വിടുന്നതെന്ന് ഓപ്പൺഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന പറയുന്നു. രാജ്യത്തെ കിഴക്കൻ മേഖലയിൽ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധവുമായി പതിനായിരകണക്കിന് ക്രൈസ്തവര്‍ കഴിഞ്ഞമാസം തെരുവിൽ ജാഥ നടത്തിയിരിന്നു.