320 വിശുദ്ധ ബൈബിൾ വാക്യം അര മണിക്കൂറിനുള്ളിൽ ചൊല്ലി ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചൽ മോൾ
വിശുദ്ധ ബൈബിൾ വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു കൊണ്ണിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ ജൂലൈ 17 ന് ഇവാനിയ ഏയ്ഞ്ചൽ എന്ന മിടുക്കി . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റിവലിലാണ്' അര മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്.
അഞ്ച് വിഭാഗങ്ങളിലായായിരുന്നു മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്. അഞ്ച് വിഭാഗങ്ങളിലും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചലാണ് .
തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി ശക്തമായ സഭയ്ക്ക് അടിത്തറയിട്ട കർത്തൃദാസൻ പാസ്റ്റർ ആർ വൈശാഖിൻ്റെ മൂത്ത മകളാണ് ഇവാനിയ എഞ്ചൽ എന്ന കൊച്ചു മിടുക്കി. മാതാവ് കർത്തൃദാസി സിസ്റ്റർ ജെ എസ് ഷൈനിമോൾ. ഇവാനിയ ഏഞ്ചലിന് ഒരു കുഞ്ഞ് അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇവാനിയ ഏയ്ഞ്ചൽ.
സെക്ഷൻ തലത്തിൽ നടന്ന മത്സരത്തിൽ നൂറ്റി അറുപത് വാക്യങ്ങൾ പറഞ്ഞു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീടുള്ള ഒരാഴ്ച്ച കൊണ്ട് നൂറ്റി അറുപത് വാക്യം കൂടി പഠിക്കുകയും വേഗത്തിൽ പറഞ്ഞ് വിജയിയാവുകയുമായിരുന്നു. വാക്യം പറഞ്ഞാൽ മാത്രം പോര വേഗത്തിൽ പറയുവാൻ പരിശീലിക്കണം.
ബിഗിനറിൽ 230 വാക്യം പറഞ്ഞ് മൂന്നാം സ്ഥാനം നേടിയ ആശേർ ശരണും പ്രൈമറിയിൽ 293 വാക്യങ്ങൾ ചൊല്ലി ഒന്നാം സ്ഥാനത്തെത്തിയ അൻസ ശരണും ചീനിവിള സഭാംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിൽ പ്രോത്സാഹന സമ്മാനവും ചീനിവിള സഭയിലെ വിവിധ കുട്ടികൾക്ക് ലഭിച്ചു.