തിരിച്ചടിച്ച് ഇറാന്‍; തെല്‍ അവീവ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു

Jun 14, 2025 - 10:44
 0

ഇസ്രയേല്‍ ആക്രമത്തിനെതിരെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുമായി ഹൂതികള്‍ തൊടുത്ത മിസൈല്‍ ഇസ്രായേലിലെ ഹെബ്രോണില്‍ പതിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും വ്യക്തമായ നിര്‍ദേശം ലഭിക്കാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇറാനെതിരെ അര്‍ദ്ധരാത്രിയോടെയാണ് വീണ്ടും ഐഡിഎഫ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ വലിയ സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ ടെഹ്റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങള്‍. ഇന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0