സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവം; പാക്ക് ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടന

Islamic extremists threaten Christians in Pakistan over Qurʾān burning in Sweden, Lashkar-e-Jhangvi (LEJ), Christian News malayalam fact check, Christian Malayalam News, Christian Malayalam News, Christian Malayalam News Portal, Christian News World

Jul 8, 2023 - 17:52
 0
സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവം; പാക്ക് ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടന

സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനയായ ലെഷ്കർ ഈ ജാൻവി രംഗത്ത്. സ്വീഡനിൽ നടന്ന സംഭവത്തിന്റെ പേരിൽ ക്രൈസ്തവർക്കും, ദേവാലയങ്ങൾക്കും നേരെ അക്രമണം നടത്തുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു ക്രൈസ്തവ ദേവാലയമോ, ക്രൈസ്തവ വിശ്വാസിയോ പോലും പാക്കിസ്ഥാനിൽ ഇനി സുരക്ഷിതരായിരിക്കുകയില്ലെന്ന് സംഘടനയുടെ വക്താവ് നസീർ റൈസാനി പറഞ്ഞു. ആക്രമണം നടത്താൻ മറ്റ് സംഘടനകള്‍ തങ്ങളോടൊപ്പം ചേരുമെന്നും റൈസാനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇറാഖിൽ ജനിച്ച് പിന്നീട് സ്വീഡനിലേക്ക് കുടിയേറിയ സൽമാൻ മോമിക എന്നയാളാണ് ജൂൺ 28നു സ്റ്റോക്ക്ഹോമിലെ മോസ്കിന് സമീപം ഖുറാൻ കത്തിച്ചത്. ഖുറാൻ, അക്രമണത്തിന് പ്രേരിപ്പിക്കുന്ന പുസ്തകം ആണെന്ന ആരോപണവുമായാണ് സൽമാൻ ഇത് ചെയ്തത്. എന്നാൽ ഫ്രാൻസിസ് പാപ്പ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഖുറാൻ കത്തിച്ച സംഭവം ഇസ്ലാം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും, അവരെ നിന്ദിക്കുന്നതുമാണെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം പാക്കിസ്ഥാനിലെ കത്തോലിക്ക മെത്രാൻ സമിതി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടാൻ നിയോഗിച്ച 'ദ നാഷ്ണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസും' സൽമാൻ മോമികയുടെ പ്രവർത്തിയെ അപലപിച്ചു. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ സ്വീഡനിലെ സർക്കാരിനോട് കമ്മീഷന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനിടെ ലെഷ്കർ ഈ ജാൻവിയുടെ ഭീഷണി ഒരിക്കലും അധികൃതർ കണ്ടില്ലായെന്ന് നടിക്കരുതെന്ന് കമ്മീഷന്റെ സംഘടന ചുമതലയുള്ള അത്താ ഉർ റഹ്മാൻ പറഞ്ഞു. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളെ സ്വൈര്യമായി വിഹരിക്കാൻ സർക്കാർ അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം ഏഷ്യാ ന്യൂസിനോട് പറഞ്ഞു. സ്വീഡനിലെ സംഭവത്തിന് പിന്നാലെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ വലിയ ആശങ്ക നേരിടുന്നുണ്ട്.