ക്രൈസ്തവര്‍ക്ക് നിയമപരമായ പദവി: പുതിയ നിയമത്തിന് ഈജിപ്ഷ്യന്‍ പാര്‍ലമെന്‍റ്
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വ്യക്തിപരമായ നിയമ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പില്‍ ഈജിപ്ത് പാര്‍ലമെന്റ്. ജനുവരി 23-ന് പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ആരംഭിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ നിയമത്തിന്റെ കരടുരൂപം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച നടത്തുമെന്ന്‍ ഒരു പാര്‍ലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗം
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വ്യക്തിപരമായ നിയമ പദവി സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കുവാനുള്ള തയ്യാറെടുപ്പില്‍ ഈജിപ്ത് പാര്‍ലമെന്റ്. ജനുവരി 23-ന് പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ആരംഭിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ നിയമത്തിന്റെ കരടുരൂപം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച നടത്തുമെന്ന്‍ ഒരു പാര്‍ലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗം പറഞ്ഞതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. 2014-ല്‍ ആരംഭിച്ചതും ഈജിപ്തിലെ മുഴുവന്‍ സഭകളും ഉള്‍പ്പെടുന്നതുമായ കുടുംബ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ നിയമത്തിന്റെ കരടുരൂപത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
കരടുരൂപത്തിലെ ഓരോ പദങ്ങളും സംബന്ധിച്ച് നിയമ വിദഗ്ദര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സഭാ പ്രതിനിധികള്‍ എന്നിവരുമായി 16 സെഷനുകളിലായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് നീതിന്യായ മന്ത്രാലയം പുതിയ നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയത്. വിവിധ ക്രിസ്ത്യന്‍ സഭകള്‍ സഭാപരമായി തങ്ങളുടേതായ സമീപനങ്ങള്‍വെച്ച് പുലര്‍ത്തുന്ന വിവാഹമോചനം, ദമ്പതികളുടെ നിയമപരമായ വേര്‍പിരിയല്‍ പോലെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകളില്‍ ഏറേയും. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ സംബന്ധിച്ച വിവിധ സഭകള്‍ സംയുക്തമായി തയ്യാറാക്കിയ ഉള്ളടക്കം 2020 ഒക്ടോബര്‍ 15നു ക്രിസ്ത്യന്‍ സഭകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
കരടുരൂപം തയ്യാറാക്കുമ്പോള്‍ കാണിച്ച പരസ്പര സഹകരണം ഈജിപ്തിലെ പ്രാദേശിക സഭകളും പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ത് സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. 2014-ല്‍ അധികാരത്തില്‍ വന്ന ശേഷം ഈജിപ്തിലെ ക്രിസ്ത്യന്‍ സഭകളോട് പ്രത്യേകിച്ച് ഏറ്റവും വലിയ സഭാ വിഭാഗമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരോട് സൗഹാര്‍ദ്ദപരമായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ആരാധനയില്‍ പങ്കുചേര്‍ന്ന ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍-സിസിയാണ്.
കോപ്റ്റിക് സമൂഹം ഈജിപ്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഒന്നിലധികം പ്രാവശ്യം അദ്ദേഹം പ്രഖ്യാപിച്ചിരിന്നു. 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയപ്പോള്‍ അല്‍-സിസി അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. 2016 ജൂലൈ മാസത്തില്‍ മതപരമായ അക്രമങ്ങള്‍ നടത്തുവര്‍ക്കുള്ള പിഴയും അദ്ദേഹം വര്‍ദ്ധിപ്പിക്കുകയുണ്ടായി. അതേ വര്‍ഷം ഓഗസ്റ്റ് 30-ന് ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതിക്കായുള്ള സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ലഘൂകരിച്ചു കൊണ്ടുള്ള പുതിയ നിയമത്തിനും ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. അതേസമയം സര്‍ക്കാരുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടായെങ്കിലും ഈജിപ്തിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. 8.7 കോടിയോളം വരുന്ന ഈജിപ്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രൈസ്തവരാണ്.