അസഹിഷ്ണുത അവസാനിപ്പിച്ച് മലേഷ്യ; 'Merry Christmas' ആശംസയുമായി ക്രിസ്തുമസ് കേക്കുകള്‍ വില്‍ക്കാം

Dec 24, 2023 - 08:44
 0
അസഹിഷ്ണുത അവസാനിപ്പിച്ച് മലേഷ്യ; 'Merry Christmas' ആശംസയുമായി ക്രിസ്തുമസ് കേക്കുകള്‍ വില്‍ക്കാം

കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രിസ്തുമസിനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മലേഷ്യ നീക്കി. ഇതോടെ മൂന്ന് വര്‍ഷമായി മലേഷ്യയിലെ ബേക്കറികളില്‍ നിന്നും ഒഴിവാക്കിയിരിന്ന ക്രിസ്തുമസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ്‍. 2020 ലാണ് ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യ, മുസ്ലിം ഇതര മതവിശ്വാസികളുടെ ഉത്സവ ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ബേക്കറികള്‍ക്ക് കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ 'Merry Christmas' ആശംസകൾ എഴുതുന്നതിന് ഇനി നിയന്ത്രണമില്ലെന്നു ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ 'മെറി ക്രിസ്മസ്' എന്നെഴുതിയ കേക്കുകള്‍ ആവശ്യപ്പെട്ടപ്പോള്‍, തങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന ഭയത്താല്‍ ബേക്കറി വ്യാപാരികള്‍ അത്തരം ആവശ്യങ്ങളെ അവഗണിച്ചിരുന്നെന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളവ് വന്നതോടെ മലേഷ്യയിലെ ഇസ്ലാമിക സര്‍ട്ടിഫിക്കറ്റുള്ള ബേക്കറികള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സാധിക്കും. അതേസമയം ക്രിസ്തുമസ് ആശംസകളെഴുതിയ കേക്കുകളോ മറ്റ് ബേക്കറി ഉത്പന്നങ്ങളോ പൊതുവായി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ കത്തോലിക്കരും, മെത്തഡിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നു മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പൊതുവായി സുവിശേഷം പങ്കുവെക്കുന്നതിന് രാജ്യത്തു നിരോധനമുണ്ട്. മലേഷ്യയിലെ ന്യൂനപക്ഷ സമൂഹമാണ് ക്രൈസ്തവര്‍. 2020 ലെ സെൻസസിൽ, മലേഷ്യൻ ജനസംഖ്യയുടെ 9.1% ക്രൈസ്തവരാണ്. രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിക്കുന്നത് കിഴക്കൻ മലേഷ്യയിലാണെന്നതും ശ്രദ്ധേയമാണ്