ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഇടപെടൽ വേണമെന്ന് മിഷേൽ ക്ലർക്ക്
ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഏലിയറ്റ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫേഴ്സിലെ മുൻ പ്രൊഫസറുമായിരുന്ന മിഷേൽ ക്ലർക്ക്.
ക്രൈസ്തവ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഏലിയറ്റ് സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫേഴ്സിലെ മുൻ പ്രൊഫസറുമായിരുന്ന മിഷേൽ ക്ലർക്ക്. ഈജിപ്തിലെ കോപ്റ്റിക് സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി ഗവേഷണം നടത്തിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് സർക്കാരുകളോട് ശക്തമായ ഇടപെടൽ നടത്തണമെന്ന് മിഷേൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റം നടത്തി വിവാഹത്തിന്റെ മറവിൽ ലൈംഗിക പീഡനത്തിനു വിധേയരാക്കുന്ന നിരവധി സംഭവങ്ങളാണ് ഈജിപ്തിൽ നിന്ന് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് സംരക്ഷണവും, സഹായവും നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മിഷേൽ ക്ലർക്ക് പറഞ്ഞു.
അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് 'ഹിയർ ഹെർ ക്രൈസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെയും, ഏഷ്യയിലേയും ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റി പ്രത്യേക പരാമര്‍ശമുണ്ടായിരിന്നു. അതിക്രമങ്ങളുടെ ഇരകളാകുന്ന സ്ത്രീകൾക്ക് കുടിയേറ്റത്തിനടക്കം സഹായം ചെയ്തു നൽകാൻ സർക്കാരുകൾക്ക് കഴിയണമെന്ന് പ്രൊഫസർ മിഷേൽ പറഞ്ഞു. ക്രൈസ്തവ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം ന്യൂനപക്ഷങ്ങൾക്ക് നേരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് അവർ അഭിപ്രായപ്പെട്ടു. വിഷയത്തെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അനേകം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യം ഉണ്ടെന്നും മിഷേൽ ചൂണ്ടിക്കാട്ടി. ഈജിപ്തിലെ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്താൽ അവർക്ക് തിരികെ സ്വന്തം സമുദായത്തിലേക്ക് തിരികെ മടങ്ങാൻ സാധിക്കാറില്ല. 13 വർഷം മുമ്പ് ഈജിപ്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ആദ്യത്തെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ നിരവധിപേർ പ്രതിഷേധിച്ചിരിന്നു. എന്നാൽ തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന ബോധ്യം മാധ്യമങ്ങൾക്ക് അടക്കം ലഭിച്ചതിനാൽ നേരത്തെ ഉണ്ടായിരുന്ന മനോഭാവത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നും മിഷേൽ ക്ലർക്ക് കൂട്ടിച്ചേർത്തു.