ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിരിക്കുന്നത്.

May 28, 2022 - 19:07
 0

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിരിക്കുന്നത്. നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള രണ്ടു മുസ്ലീങ്ങള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകുകയായിരിന്നു.

മുന്‍പുണ്ടായതിന് സമാനമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സബയെ നിര്‍ബന്ധിത വിവാഹത്തിനിരയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. മുഹമ്മദ്‌ യാസിര്‍, മുഹമ്മദ്‌ റിയാസ് എന്നിവര്‍ ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റിയാണ് സബയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. സബയെ അജ്ഞാത സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നതെന്നു സബയുടെ അമ്മയായ റുബീന നദീം പറയുന്നു. ജോലിക്ക് പോവുകയായിരുന്ന താരിഖ് ഇക്ബാല്‍, അമീര്‍ ദാനിയല്‍ എന്നിവര്‍ ദൃക്സാക്ഷികളാണ്. റുബീന ദാനിയല്‍ ഇതിനോടകം തന്നെ മദീന ടൌണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു.

പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കോടതി കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഫൈസലാബാദില്‍ ധര്‍ണ്ണ ഇരിക്കുമെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കോ, ധനികരായ ആളുകള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന കോടതി പാവപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കാത്തതെന്തേ? എന്ന ചോദ്യമുയര്‍ത്തിയ റോബിന്‍ ഡാനിയല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും കൂട്ടിച്ചേര്‍ത്തു.

സബ ഒരു നിഷ്കളങ്കയായ പെണ്‍കുട്ടിയാണെന്നും, അവളെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സൈമണ്‍ അലീം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് തങ്ങളുടെ ഇരട്ടിയിലധികം പ്രായമുള്ളവരെ സ്നേഹിക്കുക? അലീം ചോദിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് പറഞ്ഞു കൊണ്ട് വിവാഹം കഴിക്കുകയുമാണ്‌ പാക്കിസ്ഥാനിലെ പതിവ്. ഭൂരിഭാഗം സമയങ്ങളിലും കോടതികളില്‍ നിന്നുപോലും ഇരയ്ക്കോ മാതാപിതാക്കള്‍ക്കോ നീതി ലഭിക്കാറില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0