അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

ഒരാഴ്ച മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒൻഡോ രൂപതയിലെ വൈദികന്‍ മോചിതനായി. ഫാ. ജോസഫ് അജായി എന്ന വൈദികനാണ് തടങ്കല്‍ വാസത്തിന് ശേഷം മോചിക്കപ്പെട്ടിരിക്കുന്നത്

Dec 14, 2021 - 21:00
Dec 14, 2021 - 21:04
 0
അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

ഒരാഴ്ച മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒൻഡോ രൂപതയിലെ വൈദികന്‍ മോചിതനായി. ഫാ. ജോസഫ് അജായി എന്ന വൈദികനാണ് തടങ്കല്‍ വാസത്തിന് ശേഷം മോചിക്കപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ ആറിന് എകിറ്റി സ്റ്റേറ്റിലെ നഗരമായ ഇകെരെയിൽ നിന്ന് സെന്റ് പീറ്റർ ക്ലാവർ ഇടവകയിലേക്ക് മടങ്ങുന്നതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. നാല്‍പ്പത്തിയൊന്‍പതു വയസ്സുള്ള വൈദികന്റെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ 20 മില്യൺ നൈറ (48,650.00 യുഎസ് ഡോളർ) ആവശ്യപ്പെട്ടതായി നൈജീരിയൻ മാധ്യമമായ 'ഡെയ്‌ലി പോസ്റ്റ്' റിപ്പോർട്ട് ചെയ്തിരിന്നു. എന്നാല്‍ വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം  വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് കുറച്ചു നാളായി കുറഞ്ഞിരിക്കുകയായിരിന്നുവെന്നും എന്നാല്‍ തട്ടിക്കൊണ്ടുപോകൽ കേസുകൾ വീണ്ടും ഉയർന്നു വരുന്നത് ആശങ്കാജനകമാണെന്ന്‍ ഡോൺ ബോസ്കോ സമൂഹാംഗമായ ബ്രദര്‍ ജോബ് പറഞ്ഞു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ മത, രാഷ്ട്രീയ നേതാക്കളെയും പൌരന്മാരെയും വിവിധ ലക്ഷ്യങ്ങൾക്ക് വേണ്ടി തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ പതിവ് സംഭവമാണ്. കഴിഞ്ഞ മാസം, കടുത്ത മതസ്വാതന്ത്ര്യ ലംഘനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ ഒഴിവാക്കിയത് വലിയ വിവാദമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ക്രൈസ്തവ നേതൃത്വം ഉയര്‍ത്തിയത്.