കൂട്ടക്കൊല മാത്രമല്ല, സ്ത്രീ ശരീരം പിച്ചിചീന്തി റഷ്യന്‍ സൈന്യത്തിന്റെ പൈശാചിക ക്രൂരത: ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തലുമായി ഉക്രൈനിൽ നിന്ന് സിസ്റ്റര്‍ ലിജി
റഷ്യന്‍ സൈന്യം യുക്രൈന് നേരെ ആയുധങ്ങളുടെ ആക്രമണം കൂടാതെ ക്രൂരമായ സ്ത്രീ പീഡനവുമെന്ന വെളിപ്പെടുത്തലുമായി യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി.
ആറു വയസുള്ള മകനെ ബന്ദിയാക്കി മുന്നില്‍വെച്ചു അമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ സംഭവം അടക്കമുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ പൂര്‍ണ്ണമായും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ദിനംപ്രതി യുക്രൈനില്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് സിസ്റ്ററുടെ പന്ത്രണ്ടു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ.
"ഞാന്‍ പറയുന്നതു കേട്ടിട്ട് നമ്മുടെ കണ്ണുകള്‍ നിറയാതെ പോകുകയാണെങ്കില്‍ നാം മനുഷ്യരല്ല. മൃഗങ്ങള്‍ പോലും ഇത് ചെയ്യില്ല. ഏതെങ്കിലും മീഡിയ ഇത് നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഇവിടെ താമസിക്കുന്നത് കൊണ്ടും ഓരോ സംഭവങ്ങള്‍ അടുത്തറിയുന്നത് കൊണ്ടും ഈ ലോകത്തോട് വിളിച്ചുപറയുകയാണ്- റഷ്യന്‍ പട്ടാളം വെടിവെയ്പ്പും മിസൈല്‍ ആക്രമണവും മാത്രമല്ല, നടത്തുന്നത്. 6 വയസ്സു മാത്രമുള്ള മകന്റെ മുന്നില്‍ അമ്മയെ 3 ദിവസം സൈന്യം ക്രൂരമായി പീഡിപ്പിച്ച് ആ മകന്റെ മുന്നില്‍വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തി
തളര്‍ന്ന് കിടന്ന അമ്മയെ എങ്ങും കൊണ്ടുപോകാന്‍ കഴിയാതിരിന്ന 28 വയസ്സു പ്രായം മാത്രമുള്ള മകള്‍. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ പട്ടാളം പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ബഹളംവെച്ചതിനെ തുടര്‍ന്നു അമ്മയെ വെടിവെച്ച് കൊലപ്പെടുത്തി, ആ പെണ്‍കുട്ടിയില്‍ മതിയാവോളം അവരുടെ ആഗ്രഹങ്ങള്‍ തീര്‍ത്തു. ഇങ്ങനെ എത്ര സംഭവങ്ങള്‍." ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പോലും വെടിവെച്ചിടുന്ന ക്രൂരത ആര്‍ക്ക് വേണ്ടിയാണെന്നു സിസ്റ്റര്‍ ചോദിക്കുന്നു. കരയാന്‍ യുക്രൈനിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കണ്ണുനീരില്ല, എന്തു ചെയ്യണമെന്ന് അറിയില്ല. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂയെന്ന വാക്കുകളോടെയാണ് സിസ്റ്ററുടെ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍ അവസാനിക്കുന്നത്.
സിസ്റ്റര്‍ ലിജി പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുക്കൊണ്ട് യുക്രൈന്‍ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ ഇക്കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സൈനികർ പരസ്യമായി ബലാൽസംഗം ചെയ്ത ശേഷം കൊന്ന് കത്തിക്കുകയാണെന്ന് ജനറൽ ഇറീന പറഞ്ഞു. പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ ആക്കാനും ജനങ്ങൾക്കിടയിൽ ഭയം വളർത്താനുമാണ് റഷ്യൻ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗവും നടത്തുന്നതെന്നു അവര്‍ പറഞ്ഞു. ചെറുപട്ടണങ്ങൾ റഷ്യയിൽ നിന്ന് യുക്രൈന് തിരിച്ചു പിടിച്ചതിനു പിന്നാലെ നിരവധി സ്ത്രീകളും പെൺകുട്ടികളുമാണു റഷ്യൻ സൈനികരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്.