5. വാഗ്ദത്ത പുത്രന്‍

The promised son

May 25, 2024 - 13:19
May 25, 2024 - 13:43
 0
5. വാഗ്ദത്ത പുത്രന്‍


അബ്രാമും സാറായിയും കനാനില്‍ എത്തി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നില്ല. അതുകൊണ്ട് അബ്രാമിന്‍റെ ഭാര്യ, സാറായി, അവനോടു പറഞ്ഞത്, “ദൈവം എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ അനുവദിച്ചിട്ടില്ല, മാത്രമല്ല ഇപ്പോള്‍ ഞാന്‍ വളരെ വൃദ്ധയായി കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ കഴിവില്ലാതെയും ഇരിക്കുന്നു, ഇതാ എന്‍റെ ദാസി, ഹാഗാര്‍. അവള്‍ എനിക്കായി ഒരു മകനെ പ്രസവിക്കുവാന്‍ അവളെയും വിവാഹം കഴിക്കുക.”
ആയതിനാല്‍ അബ്രാം ഹാഗാറിനെ വിവാഹം കഴിച്ചു. ഹാഗാറിന് ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും അബ്രാം അവനു യിശ്മായേല്‍ എന്നു പേരിടുകയും ചെയ്തു. എന്നാല്‍ സാറായി ഹാഗാറിനോട് അസൂയ ഉള്ളവള്‍ ആയി. യിശ്മായേലിനു പതിമൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചു.
ദൈവം അരുളിച്ചെയ്തു, “ഞാന്‍ സര്‍വശക്തനായ ദൈവം ആകുന്നു. ഞാന്‍ നിന്നോടുകൂടെ ഒരു ഉടമ്പടി ചെയ്യും.” അപ്പോള്‍ അബ്രാം നിലത്തു വണങ്ങി നമസ്കരിച്ചു. ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചത്, “നീ അനേക ജാതികള്‍ക്കു പിതാവ് ആകും. ഞാന്‍ നിനക്കും നിന്‍റെ സന്തതികള്‍ക്കും കനാന്‍ ദേശം അവരുടെ അവകാശമായി നല്‍കുകയും ഞാന്‍ എന്നെന്നേക്കും അവരുടെ ദൈവമായിരിക്കും. നീ നിന്‍റെ ഭവനത്തില്‍ ഉള്ള എല്ലാ പുരുഷ പ്രജകള്‍ക്കും പരിച്ചേദന ചെയ്യണം.” എന്നാണ്.
“നിന്‍റെ ഭാര്യ, സാറായിക്കു ഒരു മകന്‍ ഉണ്ടാകും—അവന്‍ വാഗ്ദത്ത പുത്രന്‍ ആയിരിക്കും. അവനു യിസഹാക്ക് എന്ന് പേരിടുക. ഞാന്‍ അവനുമായി എന്‍റെ ഉടമ്പടി ചെയ്യും, അവന്‍ ഒരു വലിയ ജാതിയാകും. ഞാന്‍ യിശ്മായേലിനെയും ഒരു വലിയ ജാതിയാക്കും, എന്നാല്‍ എന്‍റെ ഉടമ്പടി യിസഹാക്കിനോട് കൂടെ ആയിരിക്കും. അനന്തരം ദൈവം അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റി, അതിന്‍റെ അര്‍ത്ഥം “അനേകര്‍ക്ക്‌ പിതാവ്” എന്നാണ്. ദൈവം സാറായിയുടെ പേരും “രാജകുമാരി” എന്നര്‍ത്ഥം വരുന്ന സാറാ എന്നാക്കി.
ആ ദിവസം അബ്രഹാം തന്‍റെ ഭവനത്തില്‍ ഉള്ള എല്ലാ പുരുഷപ്രജകളെയും പരിച്ചേദന കഴിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം, അബ്രഹാമിന് 100 വയസും, സാറയ്ക്ക് 90 വയസ്സും ഉള്ളപ്പോള്‍, സാറ അബ്രഹാമിന് ഒരു മകനെ പ്രസവിച്ചു. ദൈവം അവരോടു പറഞ്ഞത് പോലെ അവര്‍ അവനു യിസഹാക്ക് എന്ന് പേരിട്ടു.
യിസഹാക്ക് ഒരു യുവാവായപ്പോള്‍, ദൈവം അബ്രഹാമിന്‍റെ വിശ്വാസത്തെ പരിശോധന ചെയ്തു പറഞ്ഞത്, ‘‘യിസഹാക്കിനെ, നിന്‍റെ ഏകജാതനെ, എനിക്ക് യാഗമായി കൊല്ലുക” എന്നായിരുന്നു. വീണ്ടും അബ്രഹാം ദൈവത്തെ അനുസരിക്കുകയും തന്‍റെ മകനെ യാഗമര്‍പ്പിക്കുവാന്‍ ഒരുക്കം നടത്തുകയും ചെയ്തു.
അബ്രഹാമും യിസഹാക്കും യാഗസ്ഥലത്തേക്ക്‌ നടന്നു പോകവേ, യിസഹാക്ക് ചോദിച്ചു, “അപ്പാ, യാഗത്തിന് ആവശ്യമായ വിറക് ഉണ്ട്, എന്നാല്‍ കുഞ്ഞാട് എവിടെ?” അബ്രഹാം മറുപടി പറഞ്ഞത്, “എന്‍റെ മകനേ, യാഗത്തിനുള്ള കുഞ്ഞാടിനെ ദൈവം കരുതിക്കൊള്ളും” എന്നായിരുന്നു.
അവര്‍ യാഗസ്ഥലത്ത്‌ എത്തിയപ്പോള്‍, അബ്രഹാം തന്‍റെ മകനായ യിസഹാക്കിനെ യാഗപീഠത്തില്‍ കിടത്തി കെട്ടി. താന്‍ തന്‍റെ മകനെ കൊല്ലുവാന്‍ ഒരുമ്പെടുന്ന സമയം ആയപ്പോള്‍ ദൈവം പറഞ്ഞു, “നിര്‍ത്തുക! ബാലനെ ഉപദ്രവിക്കരുത്! നിന്‍റെ ഏക ജാതനെ എന്നില്‍നിന്നും നിനക്കായി കരുതാതെ ഇരുന്നതിനാല്‍ നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു.”
സമീപത്തായി അബ്രഹാം ഒരു ആട്ടുകൊറ്റനെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിയ വിധം കണ്ടു. ദൈവം ആ ആട്ടുകൊറ്റനെ യിസഹാക്കിനു പകരമായി യാഗം കഴിക്കേണ്ടതിന് കരുതി വെച്ചു. അബ്രഹാം സന്തോഷത്തോടെ ആ ആട്ടുകൊറ്റനെ യാഗമര്‍പ്പിച്ചു.
അനന്തരം ദൈവം അബ്രഹാമിനോടു പറഞ്ഞത്, “നീ സകലത്തെയും, നിന്‍റെ ഏകാജാതനെപ്പോലും എനിക്ക് തരുവാന്‍ ഒരുക്കമായതുകൊണ്ട്, ഞാന്‍ നിന്നെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്യുന്നു. നിന്‍റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ അധികം ആയിരിക്കും. നീ എന്നെ അനുസരിച്ചതുകൊണ്ട്, ലോകത്തില്‍ ഉള്ള സകല കുടുംബങ്ങളെയും നിന്‍റെ കുടുംബം മൂലം അനുഗ്രഹിക്കും. _ഉല്‍പ്പത്തി 16-22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ._

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0